കാബൂൾ: അഫ്ഗാൻ ഭൂപ്രദേശങ്ങൾ ഒന്നിന് പിറകെ ഒന്നായി പിടിച്ചെടുക്കുന്ന താലിബാൻ ഗസ്‌നി പ്രവിശ്യയും കൈക്കലാക്കി. രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളിൽ ഒന്നാണ് ഗസ്‌നി. കാബൂളിൽ നിന്ന് 150 കിലോമീറ്റർ മാറി കിടക്കുന്ന പ്രവിശ്യാ തലസ്ഥാനം. ഗസ്‌നിയിലെ പോലീസ് ആസ്ഥാനവും ജയിലും സർക്കാർ ഓഫീസും ഭീകരർ പിടിച്ചെടുത്തതായി പ്രവിശ്യാ കൗൺസിൽ മേധാവി സാനിർ അഹമ്മദ് സ്ഥിരീകരിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിൽ യുഎസ് പട്ടാളത്തെ പിൻവലിച്ചതിന് പിന്നാലെ മെയ് മാസത്തോടെയാണ് താലിബാൻ നരനായാട്ട് വ്യാപകമായത്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ പ്രവിശ്യകൾ ദിനംപ്രതി അധീനതയിലാക്കുകയാണ് താലിബാൻ. ബുധനാഴ്ച രാത്രിയോടെ കാണ്ഡഹാർ ജയിൽ പിടിച്ചെടുത്ത താലിബാൻ ഭീകരർ നൂറുകണക്കിന് കുറ്റവാളികളെയാണ് തുറന്നുവിട്ടത്. കാണ്ഡഹാർ സെൻട്രൽ ജയിലിൽ കഴിയുന്ന ഭീകരരെ വിട്ടയക്കണമെന്ന് കഴിഞ്ഞ മാസം താലിബാൻ ആവശ്യപ്പെട്ടിരുന്നു. അഫ്ഗാൻ സർക്കാർ വധശിക്ഷ വിധിച്ച 15 ഭീകരരാണ് ജയിലിലുണ്ടായിരുന്നത്.
അതേസമയം രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി നടക്കുന്ന ഏറ്റുമുട്ടലുകളിൽ ദിവസേന നൂറുകണക്കിന് താലിബാൻ ഭീകരരെ സുരക്ഷാസേന വകവരുത്തുകയും യുദ്ധോപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് അഫ്ഗാൻ സൈന്യം.
















Comments