തിരുവനന്തപുരം : സർവ്വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലാ വൈസ് ചാൻസിലർമാർ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിരുദദാന ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വധുവിനെ മോഡലുകളാക്കിയുള്ള പരസ്യം ജ്വല്ലറികൾ ഒഴിവാക്കണം. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. സ്വർണാഭരണങ്ങൾ അണിഞ്ഞു നിൽക്കുന്നതിന് പകരം, സാധാരണ പെൺകുട്ടികളെ മോഡലാക്കണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
സ്ത്രീധനത്തെക്കുറിച്ച് സ്‌കൂൾ തലം മുതൽ ബോധവത്കരണം നടത്തണം. സത്രീധനത്തിനെതിരെ കേരള സമൂഹത്തിൽ വലിയ അവബോധം ഉണ്ടായിട്ടുണ്ട്. ഇത് തുടരേണ്ടത് ആവശ്യമാണ്. ഇനിയൊരു വിസ്മയ കേരളത്തിൽ ഉണ്ടാകരുതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങളും ഇതേ തുടർന്നുള്ള മരണങ്ങളും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതികരണം. ബിരുദദാന ചടങ്ങിൽ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർത്ഥികൾ ഗവർണർക്ക് കൈമാറി.
Comments