ഹൈദരാബാദ്: 93 വയസ്സുളള വ്യദ്ധന്റെ മ്യതദേഹം ഫ്രിഡ്ജിനുളളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കാൻ കാശില്ലാത്തതിനാലാണ് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചതെന്നാണ് ബന്ധുവിന്റെ മൊഴി.
മരിച്ച വ്യദ്ധനും അദ്ദേഹത്തിന്റെ കൊച്ചുമകന്‍ നിഖിലും (23) വാറങ്കലിലെ പാര്‍ക്കലയിൽ വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു. വൃദ്ധന്റെ പെന്‍ഷന്‍ കൊണ്ടാണ് ഇരുവരും ജീവിച്ചത്. ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് വാറങ്കലിലെ വീട്ടില്‍ എത്തി പരിശോധന നടത്തിയത്. തിരച്ചിലിനിടെയാണ് പോലീസ് സംഘം റഫ്രിജറേറ്ററിനുള്ളില്‍ അഴുകിയ മൃതദേഹം കണ്ടെടുത്തത്.
തന്റെ മുത്തച്ഛന്‍ കിടപ്പിലായിരുന്നെന്നും വാർദ്ധക്യസഹചമായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണമെന്നും ചോദ്യം ചെയ്യലിൽ നിഖില്‍ പോലീസിനോട് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് മുത്തച്ഛൻ മരിച്ചതെന്നും നിഖിൽ പോലീസിനെ അറിയിച്ചു. മരണശേഷം, ശരീരം ഒരു ബെഡ്ഷീറ്റ് കൊണ്ട് പൊതിയുകയും പിന്നീട് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്തു. പണമില്ലാത്തതിനാല്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിയാത്തതിനാലാണ് മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ചതെന്നാണ് ചെറുമകന്‍ പറയുന്നത്.
എന്നാൽ വൃദ്ധന്റെ പെന്‍ഷന്‍ തുക കൈപറ്റാന്‍ നിഖില്‍ മനപൂര്‍വ്വം കുറ്റം ചെയ്തത് ആണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















Comments