ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ ജനങ്ങൾ കോവിഡ് കാലത്ത് നേരിട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ചലച്ചിത്രമാണ് മേരി. ആഗോള തലത്തിൽ വൻ സ്വീകാര്യത നേടിയ ഈ ഹോളിവുഡ് ചിത്രം സംവിധാനംചെയ്തത് മലയാളിയായ റോമിയോ കാട്ടുക്കാരനാണ്. ആമസോൺ പ്രൈമിൽ അമേരിക്കയിലും ഇംഗ്ലണ്ടിലും റിലീസ് ചെയ്ത മേരി യുട്യൂബ് പ്ലാറ്റ്‌ഫോം വഴിയാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. തൃശൂർ ആളൂർ സ്വദേശിയായ റോമിയോ മനസ് നിറയെ സിനിമ മോഹവുമായാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.
ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്യൂട്ടിലെ പഠനം ഹോളിവുഡിലേക്കുളള പ്രവേശനത്തിന് വഴിതെളിയിച്ചു. റോമിയോ ആദ്യമായി സംവിധാനം ചെയ്ത ചെറുസിനിമ എ വണ്ടർഫുൾ ഡേ 14 രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി. ആദ്യ ഹോളിവുഡ് സിനിമയായ മേരിയെ കുറിച്ചും തന്റെ ഹോളിവുഡ് സ്വപ്നങ്ങളെ പറ്റിയും റോമിയാ ജനം വെബ്ബിനോട് സംസാരിക്കുന്നു.
ആളൂരിൽ നിന്ന് ഹോളിവുഡിലേക്കുളള യാത്ര?
ചെറുപ്പം മുതൽ സിനിമയോട് വലിയ താൽപര്യമായിരുന്നു. നടനും സംവിധായകനും ആകാനാണ് മോഹം. സിനിമയോടുളള അമിതമായ സ്നേഹമാണ് അമേരിക്കയിലേക്കുളള കുടിയേറ്റത്തിന് വഴിയൊരുക്കിയത്. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവന്നു. എ വണ്ടർഫുൾ ഡേ എന്ന ഒരു ചെറുസിനിമ ചെയ്തു. ഈ സിനിമ നൽകിയ ആത്മവിശ്വാസമാണ് ഹോളിവുഡിൽ ആദ്യ ഫീച്ചർസിനിമ മേരി ചെയ്യാനായത്. രണ്ടാമത്തെ ഹോളിവുഡ് സിനിമ ഉടനുണ്ടാകും. മലയാളത്തിലും സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. കാരണം ആദ്യം സ്വപ്നംകണ്ടത് മലയാളം സിനിമയാണ്.
കേരളവർമ കോളേജിലെ പഠനം ?
തൃശൂർ ശ്രീ കേരളവർമ കോളേജിലായിരുന്നു ബിരുദപഠനം. എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു കോളജ് കാലം. വിദ്യാർഥി രാഷ്‌ട്രീയവും പഠിപ്പും ഒരുമിച്ച് കൊണ്ടുപോയ മനോഹരമായ കാലം. മനസിൽ സിനിമ കൊണ്ടുനടന്ന കാലം. നാടകത്തിനായി രാത്രി കോളേജിൽ ഉറക്കമിളച്ച് റിഹേഴ്‌സൽ നടത്തുമായിരുന്നു. ഞാൻ എൻസിസിയിലും എൻഎസ്എസിലും സജീവമായിരുന്നു. ക്യാമ്പുകളിൽ സ്‌കിറ്റുകൾ, മോണോ ആക്റ്റ് അവതരിപ്പിക്കുക, അതൊക്കെ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത കാലഘട്ടം. മോണോ ആക്റ്റ്, നാടകം ഇതൊക്കെയാണ് അന്നത്തെ പരിപാടികൾ.
ഹോളിവുഡ് സിനിമകളോടുള്ള പ്രണയം
ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്‌കൂളിൽ പഠിക്കുമ്പോഴാണ് കൂടുതൽ ഇംഗ്ലീഷ് സിനിമകൾ കണ്ടത്. അവിടെ ഉച്ചയ്‌ക്ക് ഹോളിവുഡ് സിനിമകൾ കാണിക്കും. അന്നൊക്കെ ആക്ഷൻ സിനിമകളോടാണ് കൂടുതൽ ഇഷ്ടം. അക്കാലത്ത് അപ്പോകൊലിപ്‌തോ എന്ന സിനിമ കണ്ടത് വലിയ പ്രചോദനമായി. ഗ്ലാാഡിയേറ്റർ വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. ടൈറ്റാനിക്, ജുറാസിക് പാർക്ക്, ടെർമിനേറ്റർ പോലുള്ള സിനിമകൾ കണ്ടപ്പോൾ വല്ലാത്ത അതിശയം തോന്നി.
മേരി ആരോഗ്യ പ്രവർത്തകർക്കുള്ള ട്രിബ്യൂട്ട്
അമേരിക്കയിൽ കോവിഡിന്റെ തുടക്ക കാലത്ത് സമൂഹം ശരിക്കും ഭയപ്പെട്ടിരുന്നു. ഷിക്കാഗോ മെമ്മോറിയൽ ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു നഴ്‌സിന്റെ കഥയാണ് മേരിയിൽ ചിത്രീകരിച്ചത്. മാസ്‌കിന്റെ ലഭ്യതകുറവ്, ഒരു മാസ്‌ക് വച്ച് കുറേ രോഗികളെ ചികിൽസിക്കേണ്ടിവന്ന ആരോഗ്യ പ്രവർത്തകരുടെ ദുരവസ്ഥ. ആരോഗ്യ പ്രവർത്തകരോടുളള സമൂഹത്തിന്റെ അവഗണന. ഈയൊരു അവസ്ഥ ലോകത്തെ അറിയിക്കണമെന്ന് തോന്നി. അങ്ങനെയാണ് ആദ്യസിനിമയ്‌ക്ക് ഈ വിഷയം തെരഞ്ഞെടുത്തത്. ജൂനിയർ ആർടിസ്റ്റുകളായ കെയ്റ്റ് കോളമാൻ മേരിയായി അഭിനയിച്ചു. ലീഡിങ് ആക്റ്റർ ആയി മാർട്ടിൻ ഡേവീസ് അഭിനയിച്ചു. നൂറി ബോസ്വെൽ ആണ് ഡിഒപിയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. ചിക്കാഗോ കെന്റ് വുഡ് ഫിലിംസ് നിർമിച്ച മേരി ലോകത്തെ എല്ലാ ആരോഗ്യ പ്രവർത്തകർക്കുള്ള ട്രിബ്യൂട്ടാണ്.
മേരിയുടെ ഒടിടി റിലീസ്
മേരി ഒടിടി പ്ലാറ്റ്‌ഫോംവഴിയാണ് റിലീസ് ചെയ്തത്. ആമസോൺ പ്രൈംവഴി യുഎസ്എയിലും യുകെയിലും ആദ്യം റിലീസ് ചെയ്തു. എന്നാൽ ആമസോൺ പ്രൈംമിൽ മേരി ഇന്ത്യയിലുള്ളവർക്ക് കാണാനായില്ല. അതിനാൽ പിന്നീട് ഇന്ത്യയിൽ യുട്യൂബ് പ്ലാറ്റ്‌ഫോംവഴി റിലീസ്‌ചെയ്തു.
മലയാളത്തിലെ ഇഷ്ടപ്പെട്ട സംവിധായകർ?
പത്മരാജൻ ആണ് എന്റെ പ്രിയ സംവിധായകൻ. ഭരതൻ, പത്മാജൻ, സിബിമലയിൽ, കമൽ, ലോഹിതദാസ് എന്നിവരുടെ സിനിമകൾ ചെറുപ്പത്തിൽ വല്ലാതെ ആകർഷിച്ചു. തൂവാനത്തുമ്പികൾ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻത്താടികൾ, അമരം, കിരീടം എന്നീ സിനിമകൾ കുറേ തവണ കണ്ടിട്ടുണ്ട്. ഇപ്പോഴും കൂടുതൽ കേൾക്കുന്നത് 90 ലെ പാട്ടുകളാണ്. മമ്മൂട്ടി മോഹൻലാൽ, തിലകൻ എന്നിവർ ഇഷ്ട നടന്മാരാണ്. കാട്ടുകുതിര, കിരീടം എന്നീ സിനിമകളിലെ തിലകന്റെ വേഷം വിസ്മയിപ്പിച്ചിട്ടുണ്ട്. മോഹൻലാലിന്റെ സിനിമ വന്നാൽ രണ്ടുദിവസത്തിനുള്ളിൽ കാണുമായിരുന്നു. മോഹൻലാൽ ഒരു കാലത്ത് ആവേശമായിരുന്നു.
ആഫ്രിക്കയിൽ ഒരു ഡോകുമെന്ററി
ഞാൻ നാട്ടിൽ സംവിധാന സഹായിയായി സിനിമയിലും സീരിയലിലും പ്രവർത്തിച്ചിട്ടുണ്ട്. അവിടെനിന്നാണ് എന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. അങ്ങനെ പിന്നീട് ദക്ഷിണാഫ്രിക്കയിൽ ഒരു ഡോകുമെന്ററി ചെയ്യാനുള്ള അവസരവും കിട്ടി.
നാദിർഷയെ നായകനാക്കി ഹോംസിനിമ
മലബാർ മേഖലകളിൽ അക്കാലത്ത് ഹോം സിനിമയുടെ ഒരു ട്രെൻഡ് ആയിരുന്നു. ഇത്തരം സിനിമകൾക്ക് കൂടുതൽ കാണികൾ. അങ്ങനെ നാട്ടിൽ അവസാനമായി ചെയ്തത് നാദിർഷയെ നായകനായി സംവിധാനംചെയ്ത ആമിന പ്രൊഡക്ഷൻസ് എന്ന ഹോം സിനിമയാണ്. ഒരു സിനിമ നിർമിച്ച് സിഡിയായി റിലീസ് ചെയ്യുക. നാദിർഷ കൂടാതെ ഹരീശ്രീ മാർട്ടിൻ, ഹരീശ്രീ യൂസഫ് ഇവരെ വച്ച് മലബാറിന്റെ കഥ എന്ന രണ്ടു മണിക്കൂറിന്റെ സിനിമ ചെയ്തു. എംജി രാധാകൃഷ്ണൻസാറിന്റെ സംഗീതത്തിൽ മൂന്നുപാട്ടുകൾ ഉണ്ടായിരുന്നു. ജി ണുഗോപാൽ അതിൽ പാടിയിട്ടുണ്ട്. അതൊരു വിജയമായിരുന്നു.
അമേരിക്കയിലെ അതിജീവനം?
ന്യൂയോർക്ക് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയിട്ടും അവിടെ പിടിച്ചുനിൽക്കാൻ കുറേ ജോലികൾ ചെയ്യേണ്ടിവന്നു. കോഴ്‌സ് കഴിഞ്ഞ് അമേരിക്കയിൽ തന്നെ താമസം തുടർന്നു. എന്നാൽ അമേരിക്കയിൽ കഴിഞ്ഞിട്ടും ഒരു സിനിമ പെട്ടെന്ന് ചെയ്യാനായില്ല. പഠനംകഴിഞ്ഞ് സാമ്പത്തിക പ്രശ്‌നം കാരണം നാട്ടിലേക്കും വരാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഹോളിവുഡിൽ സിനിമ ചെയ്തിട്ടുള്ള ചിലരെ ഞാൻ പരിചയപ്പെട്ടു. അവരുടെ വർക്കുകൾ കാണാൻ തുടങ്ങി. എനിക്കും സിനിമ ചെയ്യണമെന്ന് തോന്നി. അതിനുവേണ്ട ഒരു വിഷയം ഞാൻ കണ്ടെത്തി. അഭിരാം എന്ന സുഹൃത്തുംകൂടി ചേർന്ന് ആ വിഷയം വികസിപ്പിച്ചെടുത്തു. അതാണ് എ വണ്ടർഫുൾ ഡേ എന്ന ഷോർട്ട്ഫിലിം.
എ വണ്ടർഫുൾ ഡേ
സാധാരണ ഷോർട്ട് ഫിലിം എന്നതിനപ്പുറം നേരിട്ട് കഥപറയാതെ വൈകാരികമായാണ് എ വണ്ടർഫുൾ ഡേയിൽ കാര്യങ്ങളെ ചിത്രീകരിച്ചത്. ഷിക്കാഗോയിലൂം മിഷിഗണിലൂം ചിത്രീകരിച്ച ഷോർട്ട് ഫിലിമിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഹോളിവുഡിലെ ജൂനിയർ ആർടിസ്റ്റുകളാണ്. മലയാളികളായ ഇരട്ട സഹോദരന്മാരായ അരുണും അനൂപുമാണ് സംഗീതം നൽകിയത്. മികച്ച രീതിയിൽ പ്രേക്ഷക അഭിപ്രായവും മാദ്ധ്യമശ്രദ്ധയും ലഭിച്ചു. ഇന്നു ലോകം നേരിടുന്ന ഏറ്റവും വാലിയ പ്രതിസന്ധികളിൽ ഒന്നായ ഫുഡ് വേസ്റ്റേജാണു പ്രധാന വിഷയം. 14 രാജ്യാന്തരപുരസ്‌കാരങ്ങൾ എ വണ്ടർഫുൾ ഡേയക്ക് ലഭിച്ചു.
കുടുംബം
തൃശൂർ ജില്ലയിൽ ആളൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. വീടിനുതൊട്ട് അപ്പച്ചന് ഒരു പലച്ചരക്ക് കട ഉണ്ടായിരുന്നു. അത് പിന്നീട് ചായകടയാക്കി. അതിൽനിന്നുള്ള വരുമാനം കൊണ്ടാണ് ഞങ്ങൾ വളർന്നത്. 12 വർഷമായി കുടുംബവുമൊത്ത് ഷിക്കാഗോയിലാണ് താമസം. ഭാര്യ അനു വർഗിസ് ഇൻഫോസിസിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആണ്. മകൾ നാലു വയസുകാരിയായ മാലാഖ കാട്ടൂക്കാരൻ.
Comments