ന്യൂഡൽഹി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ഇന്ന് രാവിലെ ഏഴരയോടുകൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പാതക ഉയർത്തും. കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്രമന്ത്രിമാരും സായുധ സേനാ മേധാവിമാരും ചടങ്ങിൽ പങ്കെടുക്കും. എൻഎസ്ജിയും എസ്ഡബ്ല്യൂഎടി കമാൻഡോകളും ഷാർപ് ഷൂട്ടർമാരും അടങ്ങുന്ന വൻ സംഘമാണ് ചെങ്കോട്ട വളഞ്ഞ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ചെങ്കോട്ടയ്‌ക്ക് പുറത്ത് നിന്നും കാണാത്ത വിധം കണ്ടെയ്‌നറുകളും ലോഹ പലകയും നിരത്തി മറച്ചിട്ടുണ്ട്. ഒരാഴ്‌ച്ച മുൻപേ തന്നെ ഡൽഹിയിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടച്ചു. കൂടാതെ ഉയർന്ന കെട്ടിടങ്ങളിൽ എല്ലാം കമാൻഡോകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഏതൊരു ശ്രമവും തടയാൻ സെൻസിറ്റീവ് മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഒരാഴ്‌ച്ച മുൻപേ തന്നെ ഡ്രോൺ, പാരാഗ്ലൈഡിംഗ്, ഹോട്ട് എയർ ബലൂൺ എന്നിവയ്‌ക്ക് ഡൽഹി പോലീസ് കമ്മീഷണർ നിരോധനം ഏർപ്പെടുത്തിയിരുന്നു. 5000 സുരക്ഷാ ഭടന്മാരേയും നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്.
പുലർച്ചെ നാലുമുതൽ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങൾക്ക് പ്രവേശനമില്ല. പ്രധാന നദികളിൽ ബോട്ടിലും പട്രോളിംഗ് നടത്തുന്നുണ്ട്. ഏത് വിധത്തിലുള്ള ആക്രമണത്തേയും നേരിടാൻ സർവ്വ സജ്ജമാണ് സുരക്ഷാ സേന.
















Comments