കറാച്ചി : പാകിസ്താനിലെ കറാച്ചിയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 13 പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. പുലർച്ചെ കറാച്ചി നഗരത്തിനു സമീപം മവാച്ച് ഗോത്ത് എന്ന സ്ഥലത്താണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന മിനി ട്രക്ക് പൊട്ടി തെറിക്കുകയായിരുന്നു.
പരിശോധനകൾക്ക് ശേഷമാണ് ഗ്രനേഡ് ആക്രമണമെന്ന് സ്ഥിരീകരിച്ചത്. ഒരോ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെല്ലാം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്ന സമയത്ത് വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പരിക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്.
പാകിസ്താനിലെ ആഭ്യന്തര സംഘർഷവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് സംശയമുണ്ട്. മരിച്ചവർ രാജ്യത്തെ സ്വാത്ത് മേഖലയിൽ നിന്നുള്ളവരാണ്. അഹമ്മദീയ മുസ്ലീങ്ങൾക്ക് സ്വാധീനമുള്ള പ്രദേശമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
















Comments