ന്യൂഡൽഹി: നീറ്റ് പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അപേക്ഷ ഫീസ് അടക്കാനുള്ള അവസാന തിയ്യതി നീട്ടി. 15 വരെ അപേക്ഷ ഫീസ് സമർപ്പിക്കാമെന്ന് നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി അറിയിച്ചു. ഫീസടയ്‌ക്കാനുള്ള അന്തിമാവസരം എല്ലാ വിദ്യാർത്ഥികളും വിനിയോഗിക്കണമെന്ന് എൻ ടി എ അഭ്യർത്ഥിച്ചു.
ഓൺലൈൻ അപേക്ഷ നൽകുമ്പോൾ ഫീസ് അടക്കാൻ കഴിയാത്ത രജിസ്റ്റർ ചെയ്ത ആളുകൾക്കാണ് ഈ അവസരം. പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ക്രഡിറ്റ്/ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്ങ്, യുപിഎ മുഖേനയും ഫീസടയ്‌ക്കാം. വിദ്യാർത്ഥികൾ നിരന്തരമായി ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് തീരുമാനം. കൊറോണ മഹാമാരി കാരണം നിരവധി വിദ്യാർത്ഥികൾ ഫീസ് അടക്കാനാവാതെ ബുദ്ധിമുട്ടിയിരുന്നു.
നീറ്റ് പരീക്ഷ സെപ്റ്റംബർ 12ന് നടത്തും. ഓഗസ്റ്റ് 1 ന് ആയിരുന്നു നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്. പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആയി ഉയർത്തി.പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് കൊറോണ മഹാമാരിക്കിടയിലും പരീക്ഷ നടത്തിയിരുന്നു.അന്ന് രാജ്യത്താകമാനം 13.66 ലക്ഷം പേർ പരീക്ഷയെഴുതി. കർശനമായ കൊറോണ മാനദണ്ഡങ്ങളോടെയാണ് അന്ന് പരീക്ഷ നടത്തിയത്.
Comments