പാരിസ്: ലോകാരോഗ്യ സംഘടനയുടെ അപേക്ഷ പരിഗണിക്കാതെ കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് പദ്ധതിയിൽ ഉറച്ചുനിൽക്കുകയാണ് ലോകരാജ്യങ്ങൾ. ജർമ്മനി, ഫ്രാൻസ്, ഇസ്രായേൽ മുതലായ രാജ്യങ്ങൾ കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും വാക്‌സിൽ ദൗർലഭ്യം നേരിടുകയാണ്. മിക്ക രാജ്യങ്ങളിലേയും ജനസംഖ്യയുടെ കാൽഭാഗം ആളുകൾക്ക് ഇതു വരെ ഒരു ഡോസ് വാക്‌സിൻ പോലും ലഭിച്ചിട്ടില്ല.
കൂടുതൽ ജനങ്ങൾക്ക് വാക്‌സിൻ നൽകാൻ രാജ്യങ്ങൾ സഹകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ അപേക്ഷ കാറ്റിൽ പറത്തിയാണ് രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നൽകാനൊരുങ്ങുന്നത്. ലോകരാജ്യങ്ങൾക്കിടയിലെ മഹാമാരി പ്രതിരോധിക്കുന്നതിലെ അസമത്വങ്ങളാണ് ഇത് ചൂണ്ടി കാട്ടുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വകഭേദങ്ങൾ പിടിമുറുക്കുന്ന സാഹചര്യമാണുള്ളത്. ഇതിനാലാണ് ബൂസ്റ്റർ ഡോസുകൾ നൽകി ജനങ്ങളുടെ പ്രതിരോധശേഷി കൂട്ടാൻ ഒരുങ്ങുന്നതെന്നാണ് ജർമ്മനി, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ നൽകുന്ന വിശദീകരണം.
Comments