ന്യൂഡൽഹി: അഫ്ഗാൻ പട്ടാളക്കാരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് സ്ത്രീകളെ കാണാതായതായി റിപ്പോർട്ട്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷഹർ-ഇ-നവ് പാർക്കിൽ അഭയം പ്രാപിച്ച സ്ത്രീകളെ ആണ് കാണാതായത്. ഡൽഹിയിലെ താമസക്കാരനായ അഫ്ഗാൻ പൗരൻ നാവേദ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഷെഹർ-ഇ-നവ് പാർക്കിൽ അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാതായി എന്നതിന്റെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് നാവേദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരുടെ ബന്ധുക്കൾ ഇവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ലെന്നും ഇതാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയെന്നും നാവേദ് അറിയിച്ചു.
ഏകദേശം എട്ട് വർഷം മുമ്പാണ് താൻ രാജ്യം വിട്ടുവന്നതെന്ന് നവേദ് പറഞ്ഞു. എന്നാൽ അഫ്ഗാനിസ്ഥാനിൽ തനിക്ക് ഇപ്പോഴും നല്ല വിവര സ്രോതസ്സുകളുണ്ട്. പ്രാദേശിക പൗരൻമാർക്ക് വിവരങ്ങൾ നൽകുന്ന ഒരു സ്വകാര്യ യുഎസ് സുരക്ഷാ സ്ഥാപനവുമായി നാവേദിന് ബന്ധമുണ്ടെന്നാണ് സൂചന.
കുട്ടിക്കാലം മുതൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ബോംബാക്രമണവും ഷെല്ലാക്രമണവും വ്യോമാക്രമണവും പതിവ് കാഴ്ചയാണ്. ഇത് ഒരു പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അവർ രാജ്യം വിടേണ്ടിവരുമെന്ന് സങ്കൽപ്പിച്ചില്ല എന്നും നാവേദ് നെടുവീർപ്പോടെ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ യുവജനങ്ങളുടെ ജീവിതം എപ്പോഴും അപകടത്തിലാണ്. പ്രത്യേകിച്ച് സത്രീകൾ. താലിബാൻ ഭീകരർ വീടുകളിൽ അതിക്രമിച്ച് കയറി യുവതികളെ ബലമായി കൊണ്ടുപോകുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് നടക്കുന്നുണ്ടെങ്കിലും സർക്കാർ മൗനം പാലിക്കുകയായിരുന്നുവെന്നും നാവേദ് കുറ്റപ്പെടുത്തു. നൂറുകണക്കിന് പെൺകുട്ടികളെ ഷെഹർ-ഇ-നവ് പാർക്കിൽ നിന്ന് കാണാതായതിന്റെ ഉത്തരവാദിത്വവും അഫ്ഗാൻ ഭരണകൂടത്തിനാണെന്ന് നാവേദ് വിമർശിച്ചു.
അഫ്ഗാനിസ്ഥാൻ മുഴുവൻ താലിബാൻ പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ , ആളുകൾ രാജ്യം വിടാൻ നിർബന്ധിതരായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി പ്രസിഡന്റ് അഷ്റഫ് ഗനിയാണെന്നും അദ്ദേഹം പറഞ്ഞു. അത് ഒറ്റ രാത്രി കൊണ്ട് വന്നതല്ല. അവർ ഒന്നിനുപുറകെ ഒന്നായി പ്രവിശ്യകൾ പിടിച്ചെടുത്തപ്പോഴും അഫ്ഗാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും നാവേദ് പറഞ്ഞു.
കുണ്ടൂസിൽ മാത്രം 50,000 ത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പാലായനം ചെയ്തു. അതിൽ പകുതിയിലധികവും കുട്ടികളാണ്. കുട്ടികളും വീടുകളിൽ നിന്ന് എങ്ങെന്നില്ലാതെ ഓടിപോയതായാണ് വിവരങ്ങൾ.
അഫ്ഗാനിസ്ഥാനിലെ എല്ലാ യുവാക്കൾക്കും അവരുടെ ഭാവി നശിക്കുമെന്ന് നന്നായി അറിയാം. യുഎസും ഇന്ത്യയും വികസനത്തെ പിന്തുണയ്‌ക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറിയെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു . താലിബാന് രാജ്യം കൈമാറിക്കൊണ്ട് സ്വന്തം പ്രസിഡന്റ് ഓടിപ്പോയാൽ, ഞങ്ങൾക്കിനി മറ്റെന്ത് പ്രതീക്ഷയാണുള്ളത്? ഞങ്ങൾ ഇപ്പോൾ നിരാശരാണ്. ജീവിതകാലം മുഴുവൻ ഞങ്ങൾ അഭയാർത്ഥികളായി കഴിയേണ്ടിവരുമെന്നും നാവേദ് വ്യക്തമാക്കി.
















Comments