തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ആഭിമാനമായ മലയാളി പി. ആർ. ശ്രീജേഷിന് ആദരവുമായി കെ. എസ്. ആർ. ടി. സിയും. ഒരു ബസ്സിന്റെ ഇരുവശങ്ങളിലുമായി താരത്തിന്റെ നേട്ടങ്ങളും ആക്ഷൻ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ‘ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം’ എന്ന് ആലേഖനം ചെയ്ത ബസ് പര്യടനം നടത്തും. കെ എസ് ആർ ടി സിയുടെ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ആർ. എസ്. സി 466 നമ്പർ ബസ്സാണ് നഗരത്തിൽ സർവീസ് നടത്തുക.
പുരുഷ ഹോക്കിയിൽ ഒളിമ്പിക്‌സ് വെങ്കലമെഡൽ രാജ്യത്തിന് സമ്മാനിച്ച ടീമിലെ അംഗമായ പി ആർ ശ്രീജേഷിന്റെ നേട്ടങ്ങൾ പുതുതലമുറയ്‌ക്ക് പ്രചോദനകരമാകുന്നതിന് വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്ന് അധികൃതർ പറഞ്ഞു . കെ. എസ്. ആർ. ടി. സി. കൊമേഴ്ഷ്യൽ വിഭാഗത്തിലെ ജീവനക്കാരാണ് ബസ് തയ്യാറാക്കിയത്. ബസിന്റെ ഡിസൈൻ പൂർണമായും നിർവഹിച്ചത് ജീവനക്കാരനായ എ കെ ഷിനുവാണ്. ബസിൽ ചിത്രങ്ങൾ പതിപ്പിച്ചു മനോഹരമാക്കിയത് സിറ്റി ഡിപോയിലെ തന്നെ ജീവനക്കാരായ മഹേഷ് കുമാർ, നവാസ്, അമീർ എന്നിവർ ചേർന്നാണ്.
മാനുവൽ ഫ്രെഡറിക് എന്ന മലയാളിക്കു ശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന മലയാളിയായി പി ആർ ശ്രീജേഷ് മാറുമ്പോൾ നിറവേറുന്നത് മലയാളിയുടെ 48 വർഷം നീണ്ട കാത്തിരിപ്പാണ്. താരത്തിന്റെ മികച്ച സേവുകൾ ടോക്കിയോയിൽ പല മത്സരങ്ങളിലേയും ഇന്ത്യൻ വിജയത്തിന് നിർണ്ണായകമായി.
Comments