ബെംഗളൂരു: കൊറോണ ബാധിച്ചവരും അവരുടെ കുടുംബാംഗങ്ങളും ക്ഷയരോഗ പരിശോധന കൂടി നടത്തണമെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ കെ സുധാകർ.
കൊറോണ അണുബാധയിൽ നിന്ന് കരകയറിയ 28 ലക്ഷത്തിലധികം ആളുകൾ സംസ്ഥാനത്ത് ഉണ്ട്. കൊറോണ, ടിബി എന്നിവ ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ, വൈറസിൽ നിന്ന് സുഖം പ്രാപിച്ച ആളുകളിൽ ക്ഷയരോഗം നേരത്തേ കണ്ടെത്തുന്നത് ഉറപ്പാക്കാൻ പ്രത്യേക ഡ്രൈവ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം ആഗസ്റ്റ് 16 മുതൽ 31 വരെയാണ് ക്ഷയരോഗ പരിശോധന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 മുതൽ 75 ലക്ഷം പേർക്കാണ് ക്ഷയരോഗം ബാധിച്ചതെന്ന് സംശയിക്കുന്നത്.
88 ശതമാനം പേർക്ക് പരിശോധന നടത്തുകയും ചെയ്തു. ഏകദേശം 3.9 ശതമാനം പേർക്ക് ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2025 ഓടെ ഇന്ത്യയെ ക്ഷയരോഗത്തിൽ നിന്ന് മുക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതിനാൽ സംസ്ഥാന സർക്കാർ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും സുധാകർ വ്യക്തമാക്കി.
കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാമെന്ന വിദഗ്‌ദ്ധരുടെ നീരിക്ഷണം
കണക്കിലെടുത്ത് ‘ആരോഗ്യ നന്ദന’ എന്ന പുതിയ സംരംഭം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒന്നരക്കോടി കുട്ടികളുണ്ട്, അവരെല്ലാം ഈ സംരംഭത്തിന് കീഴിൽ ടെസ്റ്റിന് വിധേയരാകും. ഇത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഈ പദ്ധതിക്ക് കീഴിൽ, പ്രതിരോധശേഷി കുറവുള്ള കുട്ടികളും മറ്റ് രോഗങ്ങളും കണ്ടെത്തിയവർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പോഷകസമൃദ്ധമായ ഭക്ഷണവും അനുബന്ധ കാര്യങ്ങളും നൽകും. അവരുടെ ആരോഗ്യം നിരീക്ഷിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഡിസംബറോടെ സംസ്ഥാനത്തെ മുഴുവൻ പ്രായപൂർത്തിയായവർക്കും പൂർണ്ണമായി കുത്തിവയ്പ്പ് നടത്താനുള്ള ലക്ഷ്യമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് സുധാകർ പറഞ്ഞു.
















Comments