അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാകാൻ രാംനാഥ് കോവിന്ദ്. പ്രാർത്ഥനക്കായി രാമജന്മഭൂമിയിലെ ക്ഷേത്രത്തിൽ മാസം 29 നാണ് രാഷ്‌ട്രപതി എത്തുന്നത്.
പ്രത്യേക തീവണ്ടിയിലാണ് കുടുംബസമേതം എത്തിച്ചേരുക എന്ന പ്രത്യേകതയും സന്ദർശനത്തിനുണ്ട്. ഡൽഹിയിൽ നിന്നും ലഖ്‌നൗവിലെ ചാർബാഗ് സ്‌റ്റേഷനിൽ എത്തുന്ന തീവണ്ടി രണ്ട് മണിക്കൂർ 20 മിനിറ്റിനുള്ളിൽ അയോദ്ധ്യയിൽ എത്തിച്ചേരുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
രാജ്യത്തെ പ്രഥമ പ്രഥമപൗരനെ സ്വീകരിക്കാൻ ഉത്തർപ്രദേശിലെ ക്ഷേത്ര നഗരിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രാഷ്‌ട്രപതി എത്തിച്ചേരുന്ന അയോദ്ധ്യ റെയിൽവേ സ്‌റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ ഇന്ത്യൻ റെയിൽവേ വടക്കൻ മേഖല ജനറൽ മാനേജർ ജി. അഷുതോഷ് സ്ഥലത്ത് പരിശോധന നടത്തി.
സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാണ് യാത്രക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ധേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ പൊതുനോട്ടീസായി പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽ മാർഗം ഉത്തർപ്രദേശിലേക്കുളള പ്രസിഡന്റിന്റെ രണ്ടാമത്തെ യാത്രയാണിത്. കഴിഞ്ഞ ജൂൺ 25 ന് ജന്മനാടായ കാൺപൂരിലേക്ക് രാംനാഥ് കോവിന്ദ് ട്രെയിനിലാണ് എത്തിയത്.
Comments