കാബൂൾ : അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർ ബാമിയനിലുള്ള ഹസാര നേതാവ് അബ്ദുൾ അലി മസ്രിയുടെ പ്രതിമ തകർത്തു. 1995 ൽ താലിബാൻ പരസ്യമായി തലയറുത്ത് കൊലപ്പെടുത്തിയ നേതാവാണ് അബ്ദുൾ അലി.
അഫ്ഗാനിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ ഹസാരെകളുടെ നേതാവായിരുന്നു ഇദ്ദേഹം. ആദ്യ തവണ അധികാരം പിടിച്ചെടുത്ത സമയത്തായിരുന്നു കൊടും ക്രൂരത. അന്ന് ഈ പ്രദേശത്തുണ്ടായിരുന്ന കൂറ്റൻ ബുദ്ധപ്രതിമകളും പുരാവസ്തുക്കളും അനിസ്ലാമികമെന്ന് പറഞ്ഞ് പൂർണമായും നശിപ്പിച്ചു.
ആരാണ് ഹസാരകൾ :- മദ്ധ്യ അഫ്ഗാനിസ്ഥാനിലെ ഹസാരജാട്ട് പ്രദേശത്തെ മലനിരകളിൽ അധിവസിക്കുന്ന വംശീയ ന്യൂനപക്ഷ വിഭാഗമാണിവർ. നിരവധി വർഷങ്ങളായി താലിബാൻ ഭീകരരുടെ ആക്രമണങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നവർ.
13-ാം നൂറ്റാണ്ടിൽ മംഗാൾ ചക്രവർത്തിയായിരുന്ന ജെൻഖിസ് ഖാന്റെയും പടയാളികളുടെയും പിൻമുറക്കാർ. അഫ്ഗാനിസ്ഥാനിലെ ഇതര വിഭാഗങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തരാണ് . പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും സ്ത്രീകൾക്ക് ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം നൽകി. 2001 ൽ അമേരിക്കൻ സംഖ്യസേനയുടെ രാജ്യത്തിലേക്കുള്ള വരവിനെ തുടർന്ന് ഭരണതലത്തിൽപോലും ഹസാര യുവതികൾ പങ്കാളിത്തം വഹിച്ചു.
രാജ്യത്തെ ചുരുക്കം വനിതാ ഗവർണമാരിലൊരാളായ സലീമാ മഷരി ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ഇപ്പോൾ അവർ താലിബാന്റെ തടവിലാണ്. ഹസാരാ ജില്ലയിൽ ഉൾപ്പെടുന്ന ഛഹാർകിന്ദ് പ്രവശ്യയിലെ ഗവർണറാണ്. സ്ത്രീകൾക്ക് ശരിയ നിയമം അനുസരിച്ച് ജോലിക്ക് പോകുന്നതിന് വിലക്കില്ലെന്ന് താലിബാൻ പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും മുൻകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എത്രത്തോളം പ്രാവർത്തികമാകും എന്ന കാര്യത്തിൽ പഴയതലമുറക്കാർക്ക് ആശങ്കയുണ്ട്.
















Comments