കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ നിന്ന് അഭയാർത്ഥികളുമായി പുറപ്പെട്ട യുഎസ് സൈനിക വിമാനത്തിൽ നിന്നും വീണ് മരിച്ചവരിൽ അഫ്ഗാൻ ദേശീയ ഫുട്‌ബോൾ താരവും. 19 കാരൻ സാക്കി അൻവാരിയാണ് മരിച്ചത്. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ശേഷം സ്വന്തം ദേശത്ത് നിന്നും പലായനം ചെയ്യാൻ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലാണ് സാക്കി അൻവാരി കയറിയത്.
വിമാനത്തിൽ ഇടം ലഭിക്കാത്തതിനെ തുടർന്നാണ് സാക്കി അൻവരിയടക്കമുള്ളവർ ലാന്റിങ് ഗിയറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ രണ്ടുപേർ പിടിവിട്ടു നിലത്തു വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിമാനത്തിൽ നിന്ന് വീണ ഇരുവരും തൽക്ഷണം മരിച്ചിരുന്നു.
ഒരാൾ ലാന്റിങ് ഗിയറിൽ കുടുങ്ങിയ കാര്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് വിമാനം ഖത്തറിൽ എമർജൻസി ലാന്റിങ് നടത്തിയപ്പോഴാണ് സാക്കിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 16-ാം വയസ് മുതൽ ദേശീയ ജൂനിയർ ടീം അംഗമായിരുന്നു സാക്കി.
അമേരിക്കൻ സൈനിക വിമാനം എത്തിയതിന് പിന്നാലെ വിമാനത്തിലേക്ക് കയറിപ്പറ്റാൻ ശ്രമം നടത്തുന്നവരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. വിമാനം റൺവേയിലൂടെ നീങ്ങുമ്പോൾ വീൽ ബേയ്‌ക്ക് പുറത്ത് നിരവധി ആളുകൾ ഇരിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.
Comments