ന്യൂഡൽഹി: ജബൽപൂർ വിമാനത്താവളത്തിന്റെ പേര് റാണി ദുർഗാവതിയെന്ന് മാറ്റാൻ നിർദേശിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സിവിൽ എവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
ജബൽപൂരിലേക്കുള്ള ആദ്യ ഇൻഡിഗോ വിമാന സർവീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. റാണി ദുർഗാവതിയുടെ ത്യാഗത്തിനും അനുഭവസമ്പത്തിനും ബഹുമാനസൂചകമെന്ന നിലയിലാണ് ജബൽപൂർ വിമാനത്താവളത്തിന്റെ പേരുമാറ്റുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
അക്ബറിന്റെ മുഗൾ സൈന്യത്തോട് പൊരുതിയ ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്നു റാണി ദുർഗാവതി. ഒരു സ്ത്രീ ശത്രുരാജ്യത്തോട് പൊരുതുന്നതും അവരുടെ കീഴിൽ രാജ്യം വളരുന്നതും അതിശയത്തോടെയാണ് ഏവരും കണ്ടിരുന്നത്. ജബൽപൂരിന് സമീപം റാണിറ്റൽ ജലസംഭരണി സ്ഥാപിച്ചതും റാണി ദുർഗാവതിയാണ്. റാണിയുടെ ധൈര്യവും നേതൃത്വ മനോഭാവവും ഭാരതീയ സ്ത്രീകൾക്ക് പ്രചോദനവും രാജ്യത്തിന് അഭിമാനവുമായതിനാലാണ് വിമാനത്താവളത്തിന്റെ പേരിന് റാണി ദുർഗാവതിയെന്ന് നിർദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
















Comments