മുംബൈ: ആരാധകർക്ക് ഇപ്പോഴും വേദനയാണ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം. വ്യാഴാഴ്ചയുണ്ടായ ഒരു സംഭവം താരത്തിന്റെ ആരാധകരെ മുഴുവൻ ഞെട്ടിപ്പിക്കുന്നതായിരുന്നു. സുശാന്തിന്റെ ഫേയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റുകയായിരുന്നു.
കഴിഞ്ഞ വർഷം താരത്തിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ടീം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് താരത്തിന്റെ ചിന്തകളും സിനിമകളും സ്വപ്നങ്ങളുമെല്ലാം ഉൾപ്പെടുന്ന സ്ഥലമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിലനിർത്തുമെന്നും ടീം അറിയിച്ചിരുന്നു.
ഒരു വർഷത്തിനു ശേഷം താരത്തിന്റെ പ്രൊഫൈലിൽ ഉണ്ടായ മാറ്റം ആരാധകരെ അമ്പരപ്പിച്ചു. ‘എന്റെ ദൈവമേ ഞാൻ ഞെട്ടിപ്പോയി, ആരാണ് സുശാന്തിന്റെ അക്കൗണ്ട് നിയന്ത്രിക്കുന്നത്?’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഒരു നിമിഷം സുശാന്ത് തിരിച്ചുവന്നെന്ന് ചിന്തിച്ചുപോയെന്നും ഇതെങ്ങനെയാണ് സംഭവിച്ചത് എന്നുമായിരുന്നു മറ്റൊരാൾ കുറിച്ചത്. സ്വർഗത്തിൽ ഇന്റർനെറ്റ് കണക്ഷനുണ്ടോ എന്ന് ചോദിക്കുന്നവരുമുണ്ട്.
കഴിഞ്ഞ വർഷം ജൂൺ 14നാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. താരത്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തിക്കെതിരെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് വലിയ വിവാദങ്ങളാണ് ബോളിവുഡ് സിനിമാ ലോകത്ത് ഉണ്ടായത്.
















Comments