ജയ്പൂർ: ഐപിഎല്ലിൽ ഇത്തവണ രാജസ്ഥാൻ റോയൽസിനു വേണ്ടി ഗ്ലൻ ഫിലിപ്‌സ് ഗ്ലൗസണിയും. നിലവിലെ വിക്കറ്റ് കീപ്പർ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലർ പിന്മാറിയ സാഹചര്യത്തിലാണ് ഗ്ലൻ ഫിലിപ്‌സിനെ ടീമീലെടുത്തത്. ന്യൂസിലാന്റ് താരവുമായി രാജസ്ഥാൻ റോയൽസ് കരാർ ഒപ്പിട്ടു. ഭാര്യയുടെ രണ്ടാമത്തെ പ്രസവത്തിനായാണ് ബട്‌ലർ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഒഴിയാൻ തീരുമാനിച്ചത്.
ന്യൂസിലാന്റിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഗ്ലൻ ഇപ്പോൾ കരീബിയൻ പ്രീമിയർ ലീഗിൽ ബാർബഡോസ് റോയൽസിന്റെ താരമാണ്. യുഎഇയിൽ പരിശീലിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ഗ്ലൻ സെപ്തംബർ 19ന് ചേരുമെന്ന് ടീം അധികൃതർ വ്യക്തമാക്കി.
ടി ട്വന്റിയിൽ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കരസ്ഥമാക്കിയ ന്യൂസിലാന്റ് താരമാണ് ഗ്ലൻ. കഴിഞ്ഞ നവംബറിൽ ഇംഗ്ലണ്ടിനെതിരെ മൗണ്ട് മൗൻഗനൂയിൽ നടന്ന കളിയിൽ 46 പന്തിൽ നിന്നാണ് സെഞ്ച്വറി നേടിയത്. ടി 20യിൽ മറ്റു മൂന്ന് സെഞ്ച്വറികൾ കൂടി ഈ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികൾ ഓക്ലന്റിന് വേണ്ടിയും ഒരെണ്ണം ജമൈക്ക തലവാസിനും വേണ്ടിയായിരുന്നു നേടിയത്. അന്താരാഷ്‌ട്ര ടി 20യിൽ 149.70 ആണ് സ്‌ട്രൈക്ക് റൈറ്റ്.
രാജസ്ഥാൻ റോയൽസിന്റെ മറ്റ് രണ്ട് ഇംഗ്ലീഷ് താരങ്ങൾ കൂടി ഐപിഎല്ലിൽ നിന്ന് ഒഴിവായിട്ടുണ്ട്. കൈമുട്ടിന് പരിക്കേറ്റ ജോഫ്ര ആർച്ചറും മാനസിക കാരണങ്ങളാൽ ഓൾറഔണ്ടർ ബെൻ സ്റ്റോക്‌സുമാണ് ഐപിഎല്ലിൽ ബാക്കിയുളള മത്സരങ്ങളിൽ നിന്ന് ഒഴിവായത്. കൊറോണ കാരണം താൽക്കാലികമായി നിർത്തിവച്ച ഐപിഎല്ലിൽ അഞ്ചാം സ്ഥാനത്താണ് റോയൽസ്. പുനരാരംഭിക്കുന്ന ഐപിഎല്ലിൽ റോയൽസിന്റെ ആദ്യ കളി സെപ്തംബർ 21ന് പഞ്ചാബ് കിങ്‌സുമായാണ്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റോയൽസ്.
Comments