ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സയിദ് ഷഹീദ് ഹക്കീം നിര്യാതനായി. 82 വയസായിരുന്നു. ഹക്കീം സാബ് എന്ന് അറിയപ്പെടുന്ന മുൻ ഫുട്‌ബോളർ 1960 റോം ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം അംഗമായിരുന്നു. ഫിഫയുടെ അന്താരാഷ്‌ട്ര റഫറിയായി ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. 1988ൽ ദോഹയിൽ നടന്ന എഎഫ്‌സി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നിരീക്ഷകനായിരുന്നു.
സയിദ് ഷഹീദ് ഹക്കീമിന്റെ നിര്യാണത്തിൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അനുശോചിച്ചു. ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണ തലമുറയിലെ താരമായിരുന്നു ഹക്കീം സാബെന്ന് ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടത്. രാജ്യത്ത് ഫുട്‌ബോളിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഇന്ത്യൻ ഫുട്‌ബോൾ ഹക്കീം സാബിന്റെ സേവനങ്ങളെ എക്കാലവും സ്മരിക്കുമെന്നും അനുശോചന സന്ദേശത്തിൽ പ്രഫുൽ പട്ടേൽ വ്യക്തമാക്കി.
1960ൽ സന്തോഷ് ട്രോഫി നേടിയ സർവീസസ് ടീമിൽ അംഗമായിരുന്നു. ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 1998ൽ ഡ്യൂറന്റ് കപ്പ് നേടിയ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പരിശീലകനായിരുന്നു. സാൽഗോക്കർ, ഹിന്ദുസ്ഥാൻ എഫ്‌സി, മുംബൈ ബംഗാൾ എഫ്‌സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2017ൽ സമഗ്ര സംഭാവനയ്‌ക്കുളള ധ്യാൻചന്ദ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഹക്കീം സാബിന്റെ നിര്യാണത്തിൽ ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസും അനുശോചിച്ചു.
Comments