featuകൊച്ചി: കിറ്റെക്‌സ് കമ്പനിക്ക് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് നിക്ഷേപം മാറ്റേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സന്തോഷ് ജോർജ് കുളങ്ങര. ആസൂത്രണബോർഡ് ടൂറിസം ഉപദേശക സമിതി അംഗം കൂടിയാണ് ലോക സഞ്ചാരിയും സഫാരി ചാനൽ ഉടമയുമായ സന്തോഷ് ജോർജ്. മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ജോർജിന്റെ വിമർശനം.
തെലങ്കാന വിമാനം അയച്ച് കിറ്റെക്‌സ് ആൾക്കാരെ കൊണ്ടു പോയതു പോലെ തെലങ്കാനയിൽ ഏതെങ്കിലും വ്യവസായ ഗ്രൂപ്പ് നേരിട്ടിട്ട് മറ്റൊരു നാട്ടിലേക്കു പോകാൻ താൽപര്യപ്പെട്ടാൽ നമ്മൾ വിമാനം അയക്കുമോ? നമ്മൾ മൈൻഡ് ചെയ്യില്ല. ആ സ്ഥിതിയൊക്കെ മാറി ‘ടോട്ടൽ ചെയ്ഞ്ച്’ വന്നാൽ മാത്രമേ കേരളത്തിനു ഭാവിയുള്ളൂ ഇങ്ങനെ പോകുന്നു സന്തോഷ് ജോർജിന്റെ വിമർശനം.
സംസ്ഥാന സർക്കാരിന്റെ വൈരാഗ്യപൂർവമുളള നടപടി മൂലം കേരളത്തിൽ നടത്താനിരുന്ന 3000 കോടിയുടെ നിക്ഷേപം കിറ്റെക്‌സ് കമ്പനി തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. തെലങ്കാന സർക്കാർ ഇടപെട്ട് കിറ്റെക്‌സ് കമ്പനി പ്രതിനിധികളെ പ്രത്യേക വിമാനത്തിലാണ് സംസ്ഥാനത്തേക്ക് കൂട്ടി കൊണ്ടു പോയത്. കിഴക്കമ്പലത്തുളള കിറ്റെക്‌സിന്റെ ഫാക്ടറികളിൽ അനാവശ്യ റെയ്ഡുകൾ നടത്തിയാണു കേരളത്തിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഇക്കാര്യം കിറ്റെക്‌സ് എംഡി സാബു ജേക്കബ്ബ് തന്നെ വ്യക്തമാക്കിയിരുന്നു.
അഭിമുഖത്തിൽ മലയാളികളുടെ അന്യനാടുകളിലേക്കുളള കുടിയേറ്റത്തെ കുറിച്ചും കേരളത്തിന്റെ ഭാവിയെ പറ്റിയും സന്തോഷ് ജോർജ് ആശങ്ക പ്രകടിപ്പിക്കുന്നു. മലയാളികളുടെ പ്രവാസം ഭാവിയിൽ കേരളത്തെ വലിയ തോതിൽ ബാധിക്കാനിടയുണ്ട്. ഇപ്പോൾ യുവാക്കൾ യൂറോപ്പിലേക്കാണ് കുടിയേറാൻ തയ്യാറെടുക്കുന്നത്. ഈ കുടിയേറ്റം ഗൾഫ് നാടുകളിലേക്കുളള പ്രവാസം പോലെയായിരിക്കില്ല. യൂറോപ്പിൽ പോകുന്നവർ പിന്നെ കേരളത്തിലേക്ക് മടങ്ങില്ല. അവർ അവിടെ തന്നെ ജീവിതം തുടരാനാണ് ഇഷ്ടപ്പെടുന്നത്.
ഇത്തരം പ്രവാസം ഭാവിയിൽ കേരളത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും ദോഷകരമായി ബാധിക്കാൻ ഇടയാകും. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം സ്ഥിതിയില്ല. കേരളം നേരിടുന്ന ഗുരുതരമായ അവസ്ഥ മാറണമെങ്കിൽ വിപ്ലവപരമായ നടപടികൾ വേണമെന്നും അദേഹം പറഞ്ഞു.
ഏതാനും ദിവസം മുമ്പ് ഒരു ന്യൂസ്‌പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ജോർജ് 15 വർഷങ്ങൾക്ക് ശേഷം കാര്യങ്ങൾ മനസിലാക്കുന്നവർ എന്ന് പരിഹസിച്ചത് ഇടതുപക്ഷത്തെയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ സന്തോഷ് ജോർജ് തന്നെ താൻ ആരെയും പരിഹസിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നു വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് സംസ്ഥാന സർക്കാരിനെതിരായ വിമർശനമെന്നതും ശ്രദ്ധേയമാണ്.
Comments