ലക്‌നൗ: ബിജെപിയുടെ മുതിർന്ന നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ്ങിന്റെ സംസ്‌കാരം ഇന്ന് നടക്കും. നരോരയിലെ ഗംഗാ തീരത്ത് വെച്ചായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ബിജെപി ഓഫീസിലും നിയമസഭാ മന്ദിരത്തിലും ഉൾപ്പെടെ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ ജന്മനാടായ അലിഗഡിലേക്ക് കൊണ്ടുപോയിരുന്നു.
രാജസ്ഥാൻ മുൻ ഗവർണർ കൂടിയായ കല്യാൺ സിംഗ് ശനിയാഴ്‌ച്ച രാത്രിയാണ് അന്തരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉത്തർപ്രദേശിൽ ഇന്ന് പൊതു അവധിയും മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1932 ജനുവരി 5 നാണ് കല്യാൺ സിങ്ങിന്റെ ജനനം. 1967ൽ അത്രോളിയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. ഒൻപത് തവണ എം.എൽ.എയായ കല്യാൺ സിംഗ് ഒരു തവണ എം.പിയുമായി. 1991ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാൽ തർക്കമന്ദിരം തകർന്ന സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. എന്നാൽ 1997ൽ രണ്ടാം തവണ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി.
2014ൽ രാജസ്ഥാൻ ഗവർണറായി നിയമിതനായി. 2015ൽ 8 മാസം ഹിമാചൽ പ്രദേശ് ഗവർണറുടെ അധിക ചുമതലയും വഹിച്ചു. 2019ൽ രാജസ്ഥാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞപ്പോൾ ബിജെപിയിൽ വീണ്ടും സജീവമായി. അതേസമയം കല്യാൺ സിംഗിന്റെ വേർപാടിൽ പ്രധാനമന്ത്രിയും, രാഷ്‌ട്രപതിയുമുൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ച് എത്തിയിരുന്നു.
















Comments