വാഷിംഗ്ടൺ: താലിബാൻ ഭീകരരുടെ അന്ത്യ ശാസനം തള്ളി അമേരിക്ക. ഈ മാസം 31നകം രാജ്യം വിടണമെന്ന താലിബാന്റെ മുന്നറിയിപ്പാണ് അമേരിക്ക തള്ളിയത്. ഈ സമയത്തിനുള്ളിൽ അമേരിക്കയിലെ എല്ലാ പൗരന്മാരേയും ഒഴിപ്പിക്കൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ പ്രസിഡന്റ് ജോ ബൈഡന്റെ അന്തിമ തീരുമാനം ഉടൻ പുറത്ത് വരും.
തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് വേണ്ടി ഓഗസ്റ്റ് 31 വരെ അമേരിക്കൻ സൈന്യം അഫ്ഗാനിൽ തുടരുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭീഷണിയുമായി താലിബാൻ രംഗത്തെത്തിയത്. നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരേയും നാട്ടിലെത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഇന്നലെ മാത്രം 10,900 ആളുകളെ സുരക്ഷിതമായി തിരിച്ചെത്തിച്ചെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി അടക്കമുള്ള ജി7 രാജ്യങ്ങൾ ഒഴിപ്പിക്കൽ പൂർത്തിയാക്കാനുള്ള തീയതി നീട്ടണമെന്ന നിലപാടിലാണ്. ഇന്ന് നടക്കുന്ന ജി7 സമ്മേളനത്തിൽ മറ്റ് രാജ്യങ്ങൾ ജോ ബൈഡനോട് ആശങ്ക അറിയിക്കും. താലിബാൻ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയും മേഖലയിൽ ഭീകരപ്രവർത്തകർക്കു താവളം ഒരുക്കുകയും ചെയ്യുകയാണെങ്കിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്നും സാമ്പത്തിക സഹായം നൽകുന്നത് നിർത്തിവയ്‌ക്കണമെന്നുമാണ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. ബൈഡൻ ഇതിനെ പിന്തുണച്ചിട്ടുമുണ്ട്.
Comments