ബ്രസെൽസ്: ചിമ്പാൻസിയുമായി പ്രണയത്തിലായ യുവതിയ്‌ക്ക് വിലക്കേർപ്പെടുത്തി മൃഗശാലയിലെ അധികൃതർ. ബെൽജിയത്തിലെ ആന്റ്വെർപ് മൃഗശാലയാണ് യുവതിയ്‌ക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മൃഗശാലയിലെ 38 വയസ്സുള്ള ചിമ്പാൻസിയുമായി യുവതി പ്രണയത്തിലായതാണ് വിലക്കേർപ്പെടുത്താൻ കാരണം.
ആദി ടിമ്മർമൻസ് എന്ന യുവതിയ്‌ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. തനിക്ക് ചിമ്പാൻസിയേയും അതിന് തന്നെയും ഇഷ്ടമാണെന്നും തങ്ങൾ പ്രണയത്തിലാണെന്നും യുവതി സമ്മതിച്ചിട്ടുണ്ട്. ചിറ്റ എന്നാണ് ചിമ്പാൻസിയുടെ പേര്. കഴിഞ്ഞ നാല് വർഷമായി ആദി മൃഗശാലയിൽ നിത്യവും സന്ദർശനം നടത്താറുണ്ട്. ഈ കാലത്തിനിടയിൽ ചിമ്പാൻസിയുമായി തീവ്ര പ്രണയത്തിലായെന്ന് ആദി പറയുന്നു.
മൃഗശാലയിൽ ഗ്ലാസ് കൂടിനുള്ളിലാണ് ചിറ്റയെ താമസ്സിപ്പിച്ചിരിക്കുന്നത്. ഈ ഗ്ലാസ് കൂടുകളിലൂടെ യുവതിയും ചിമ്പാൻസിയും പരസ്പരം ആംഗ്യഭാഷയിൽ സംസാരിക്കാറുണ്ടെന്നും ഫ്‌ലൈയിംഗ് കിസ്സ് നൽകാറുമുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവതിയെ വിലക്കാൻ മൃഗശാല അധികൃതർ തീരുമാനമെടുക്കുന്നത്. തുടർന്ന് യുവതിയെ അറിയിക്കുകയായിരുന്നു.
വിലക്കിയെന്ന വാർത്ത കേട്ടയുടൻ മൃഗശാലയ്‌ക്കെതിരെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. എല്ലാവരേയും സന്ദർശനത്തിന് അനുവദിക്കുന്ന മൃഗശാല എന്തുകൊണ്ട് തനിക്ക് മാത്രം വിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് യുവതി ചോദിച്ചത്. മൃഗശാലയിലെ അധികൃതരുടെ നടപടിയെ നിയമപരമായി നേരിടുമെന്നും യുവതി അറിയിച്ചിട്ടുണ്ട്.
യുവതിയുമായുള്ള ബന്ധം ചിമ്പാൻസിക്ക് നല്ലതല്ലെന്നെന്നാണ് മൃഗശാല അധികൃതരുടെ വാദം. യുവതിയുമായി അടുത്തതോടെ മറ്റ് ചിമ്പാൻസികളുമായി ചിറ്റ അകന്നുവെന്നും യുവതിയോട് മാത്രമാണ് കൂട്ടെന്നുമാണ് അധികൃതർ പറയുന്നത്. മനുഷ്യരുമായി കൂടുതൽ ബന്ധമുള്ളവരെ മറ്റ് മൃഗങ്ങൾ അടുപ്പിക്കാറില്ല. ചിറ്റയേയും അത്തരത്തിൽ ചിമ്പാൻസികൾ അകറ്റിയെന്നും അവർ വ്യക്തമാക്കി.
















Comments