കണ്ണൂർ: യൂട്യൂബ് വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരൻമാർക്കെതിരായ കേസിൽ പോലീസിന് തിരിച്ചടി. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹർജി തലശ്ശേരി കോടതിയാണ് തള്ളിയത്.
സഹോദരൻമാരായ ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു ഹർജിയിൽ പോലീസിന്റെ വാദങ്ങൾ. എന്നാൽ ഇതൊന്നും കോടതി അംഗീകരിച്ചില്ല.
കണ്ണൂർ റോഡ് ട്രാൻസ്‌പോർട്ട് (ആർ. ടി) ഓഫീസിൽ അതിക്രമം കാണിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റുചെയ്തത്. കേസിൽ ഒരുദിവസം ജയിലിൽ കഴിഞ്ഞ സഹോദരൻമാർക്ക് പിറ്റേദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചു. ഇത് റദ്ദാക്കണമെന്നാലശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്.
ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പോലീസ് ആവശ്യമുന്നയിച്ചു.
ഈമാസം 9 -ാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം. രൂപമാറ്റം വരുത്തിയ ഇവരുടെ ‘നെപ്പോളിയൻ’ എന്ന പേരിട്ടിരിക്കുന്ന ടെംമ്പോ ട്രാവലർ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇതിനെ തുടർന്ന് കണ്ണൂർ ആർ. ടി. ഓഫീസിലെത്തിയ ലിബിനും എബിനും അതിക്രമം കാണിച്ചെന്നാണ് കേസ്.
ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവങ്ങൾ സമൂഹിക മാദ്ധ്യമങ്ങളിലൂടെ തൽസമയം കാണിക്കുകയും ചെയ്തു. വാർത്ത അറിഞ്ഞതോടെ ഇവരുടെ ആരാധകരും ആർ. ടി. ഓഫീസിൽ തടിച്ചുകൂടി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
















Comments