ന്യൂഡൽഹി: രാജ്യത്ത് ഒറ്റ ദിവസം ഒരു കോടിയിലധികം ഡോസ് വാക്‌സിൻ നൽകി റെക്കോർഡിട്ടതിൽ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. റെക്കോർഡ് വാക്‌സിനേഷൻ ആണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു കോടി മറിക്കടക്കുകയെന്നത് ചരിത്ര മുഹൂർത്തമാണ്. വാക്‌സിനേഷൻ എടുക്കുന്നവർക്കും വാക്‌സിേനഷൻ യജ്ഞം വിജയിപ്പിച്ചവർക്കും അഭിനന്ദനങ്ങൾ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
വാക്‌സിനേഷൻ ഒരു കോടി മറികടന്നതിനെ പ്രസിഡന്റ് രാംനാഥ് കോവിന്ദും അഭിനന്ദിച്ചു. എല്ലാവർക്കും വാക്‌സിൻ നൽകുന്നത് വരെ നമ്മുക്ക് വിശ്രമിക്കാനാവില്ലെന്ന് രാഷ്‌ട്രപതി ട്വിറ്ററിൽ വ്യക്തമാക്കി. നമ്മുടെ വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. എന്നാൽ ലക്ഷ്യത്തിൽ നിന്ന് നാം ഇപ്പോഴും അകലെയാണ്. നമ്മുക്ക് ഒരുപാട് ദൂരം പോകാനുണ്ട്. യോഗ്യതയുളള ഓരോ വ്യക്തിക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് വരെ നമ്മുക്ക് വിശ്രമിക്കാനാവില്ല. ജനങ്ങൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചുളള അവബോധം സൃഷ്ടിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.
ഒരു കോടി നേട്ടത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വാക്‌സിനേഷൻ പ്രക്രിയ വിജയിപ്പിച്ച ജനങ്ങളെ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരുടെ അക്ഷീണ പ്രവർത്തനത്തിന്റെ ഫലമാണ് ഒരു കോടി കുത്തിവയ്പ്പ് സാധ്യമാക്കിയതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചശേഷം നടക്കുന്ന ഏറ്റവും വലിയ പ്രതിദിന കുത്തിവയ്പ്പ് ആണ് വെളളിയാഴ്ച നടന്നതെന്ന് കേന്ദ്ര അരോഗ്യമന്ത്രാലയം വ്യക്കമാക്കി.
















Comments