തിരുവനന്തപുരം : മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയെന്ന് വാഴ്‌ത്തി നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ അലി സബ്രിൻ. ജില്ലയിലെ യൂത്ത് വളണ്ടിയർമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോകളും ലിങ്കുകളും പ്രചരിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച വളണ്ടിയർമാരെ സബ്രിൻ ഭീഷണിപ്പെടുത്തി.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനിയാണെന്നും, രക്താസാക്ഷികളുടെ പട്ടികയിൽ നിന്നും ഹാജിയെ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടിയെ പ്രതിരോധിക്കണമെന്നും ആവശ്യപ്പെടുന്ന വീഡിയോയും, ലിങ്കുകളുമാണ് ഇയാൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ചുകൊണ്ടുള്ള സബ്രിന്റെ നടപടിയ്‌ക്കെതിരെ യൂത്ത് വളണ്ടിയർമാർ രംഗത്ത് എത്തി. എന്നാൽ സബ്രിൻ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടുതൽ വളണ്ടിയർമാർ രംഗത്ത് വന്നതോടെ ഗ്രൂപ്പ് അഡ്മിൻ ഓൺലി ആക്കിയതായും ആക്ഷേപമുണ്ട്.
ഇതിന് മുൻപും സബ്രിൻ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. അടുത്തിടെ നെഹ്രു യുവകേന്ദ്രയുടെ പരിപാടിയിൽ മതപരിവർത്തകരെ പങ്കെടുപ്പിച്ചത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമാണ് വഴിവെച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിച്ച ആസാദി കാ അമൃത മഹോത്സവം പദ്ധതിയുമായി ബന്ധിച്ച് സബ്രിൻ വാരിയംകുന്നൻ അനുസ്മരണം നടത്താൻ പദ്ധതിയിട്ടിരുന്നു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ഒരുക്കിയ നൈപുണ്യ വികസന ക്ലാസിൽ ഇഷ്ടക്കാരെ പങ്കെടുപ്പിച്ചതും വിവാദങ്ങൾക്ക് കാരണമായിരുന്നു.
സംഭവത്തിൽ സുബ്രിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വളണ്ടിയർമാർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സബ്രിനെതിരെ ശക്തമായ പ്രതിഷേധവുമായി എബിവിപിയും രംഗത്ത് വന്നിട്ടുണ്ട്.
















Comments