ന്യുഡൽഹി: രാജ്യത്ത് 6 മാസത്തിനുളളിൽ എഥനോൾ പമ്പുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം. റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും പിന്നീടായിരിക്കും പമ്പുകൾ സ്ഥാപിക്കുകയെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
100 ശതമാനം എഥനോളിലും ശുദ്ധമായ പെട്രോളിലും ഓടാൻ കഴിയുന്ന ഫ്‌ലെക്‌സ് എഞ്ചിനുള്ള വാഹനങ്ങൾ നിർമിക്കാൻ നിർമാതാക്കളെ നിർബന്ധിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 2022 മുതൽ ഇന്ത്യയിലുടനീളം 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനും ഇത് ഘട്ടംഘട്ടമായി 20 ശതമാനംവരെ വർധിപ്പിക്കാനുമാണ് കേന്ദ്രത്തിന്റെ പദ്ധതി.
ഫ്‌ലെക്‌സ് എഞ്ചിനുകൾ 100 ശതമാനം പെട്രോൾ അല്ലെങ്കിൽ 100 ശതമാനം എഥനോൾ എന്നിവയിലും പ്രവർത്തിക്കാൻ കഴിവുള്ളവയാണ്. ഇവ ഇതിനകം ബ്രസീൽ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യ നിലവിൽ എഥനോൾ മിശ്രിത പെട്രോളാണ് ഉപയോഗിക്കുന്നത്. 2025 ആകുേമ്പാഴേക്ക് 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ ഉത്പാദിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്.
ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ, ഫ്‌ലെക്‌സ് എഞ്ചിനുകൾ നിർബന്ധമാക്കാനുള്ള നീക്കം കാർഷിക മേഖലയ്‌ക്കും ഗുണം ചെയ്യുമന്നാണ് പ്രതീക്ഷ.
















Comments