വാഷിംഗ്ടൺ: അഫ്ഗാനിസ്താനിലെ 20 വർഷത്തെ ദൗത്യം ഇന്ന് പൂർത്തിയാക്കി മടങ്ങുമെന്ന് അമേരിക്ക. ഇനി അവശേഷിക്കുന്നത് 300 പേർമാത്രമെന്നാണ് വിദേശകാര്യവകുപ്പ് അറിയിക്കുന്നത്. ഇതിനിടെ താലിബാനോട് ഏത് സമീപനം സ്വീകരിക്കണമെന്നതിൽ തീരുമാനമാകുമെന്നാണ് സൂചന. സഖ്യരാജ്യങ്ങളുമായി നടക്കുന്ന വെർച്വൽ യോഗത്തിൽ ആന്റണി ബ്ലിങ്കൻ പങ്കെടുക്കും.
‘ഇന്ന് അമേരിക്കയുടെ വിദേശകാര്യവകുപ്പ് അഫ്ഗാൻ വിഷയത്തിൽ നിർണ്ണായ യോഗം ചേരും. താലിബാനോട് എടുക്കേണ്ട ഭാവി സമീപനത്തിൽ ധാരണയിലെത്തും. ദോഹ സമാധാന കരാറിലെ തീരുമാനങ്ങൾ എത്രകണ്ട് താലിബാൻ പ്രാവർത്തികമാക്കി എന്നത് ഗൗരവമേറിയ വിഷയമാണ്. നിലവിലെ സൈനിക പിന്മാറ്റത്തിന്റെ പൂർണ്ണ വിവരങ്ങളും വിലയിരുത്തും. യോഗത്തിൽ നാറ്റോ മേധാവികളും പങ്കെടുക്കും.’ അമേരിക്കൻ വിദേശകാര്യവകുപ്പ് അറിയിച്ചു.
അഫ്ഗാൻ വിഷയത്തിൽ ഇന്നത്തെ യോഗത്തിൽ സഖ്യസേനയുടെ ഭാഗമായ കാനഡ, ഫ്രാൻസ്,ജർമ്മനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കൊപ്പം യൂറോപ്യൻ യൂണിയനും തുർക്കിയും ഖത്തറും പങ്കെടുക്കുമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചിച്ചു.
അഫ്ഗാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ താലിബാന് മേൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് ഇനി ലോകരാജ്യങ്ങൾക്ക് മുന്നിലുള്ളത്. പ്രതികാര നടപടിയും കൂട്ടക്കൊലയും ഒരുകാരണവശാലും അനുവദിക്കരുതെന്ന ഉറച്ച നിലപാടാണ് സുരക്ഷാ കൗൺസിലിൽ രാജ്യങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടത്. അതേ സമയം രാജ്യത്തിന് പുറത്തേക്ക് കടക്കാൻ തയ്യാറായി വിമാനത്താവള പരിസരത്ത് ലക്ഷക്കണക്കിന് അഫ്ഗാനിസ്താൻ പൗരന്മാരാണുള്ളത്. ഇവരുടെ കാര്യം തീർത്തും അനിശ്ചിതത്വ ത്തിലാണെന്നതാണ് ലോകരാജ്യങ്ങളെ അസ്വസ്ഥരാക്കുന്നത്. ലോകരാജ്യങ്ങളെ സഹായിച്ച അഫ്ഗാൻ പൗരന്മാരോട് താലിബാൻ പ്രാകൃത ശിക്ഷാ നിയമങ്ങൾ നടപ്പാക്കിത്തുടങ്ങിയെന്ന വാർത്തകളാണ് പല പ്രവിശ്യകളിൽ നിന്നും പുറത്തുവരുന്നത്.
അമേരിക്കൻ സൈന്യവുമായി അവസാന വിമാനവും പറന്നുയരുന്നതോടെ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുക്കാനാണ് താലിബാൻ നീങ്ങുന്നത്. താലിബാൻ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന നേതാക്കൾ വിമാനത്താവള പരിസരത്ത് ഇന്നലെ തന്നെ നിലയുറപ്പിച്ചുകഴിഞ്ഞതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
















Comments