ന്യൂയോർക്ക്: അഫ്ഗാനിലെ പൊതുസുരക്ഷ ഉറപ്പുവരുത്താനും രാജ്യം വിടാൻ താൽപ്പര്യമുള്ളവർക്ക് അവസരമൊരുക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി പാസ്സാക്കി. ഇന്നലെ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതിയോഗത്തിലാണ് തീരുമാനം. അതേ സമയം സൈനിക പിന്മാറ്റം കഴിഞ്ഞതോടെ അഫ്ഗാൻ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥാനമാണെന്നും യു.എൻ പ്രഖ്യാപിച്ചു.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് അഫ്ഗാനിലെ താലിബാനെതിരെ സുരക്ഷാ സമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. 15 രാജ്യങ്ങളിൽ ചൈനയും റഷ്യയും ഒഴിച്ച് ഇന്ത്യയടക്കം13 രാജ്യങ്ങളും പ്രമേയത്തിനെ പിന്താങ്ങി. പ്രമേയത്തിൽ പ്രധാനമായും താലിബാൻ അഫ്ഗാൻ വിടാൻ ഒരുങ്ങുന്നവരെ ഒരുകാരണവശാലും തടയരുതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നതുമാണ്. ഈ മാസം 27ന് അഫ്ഗാനികളായവർക്ക് എവിടെപോകാനും വരുവാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിമാനമാർഗ്ഗവും റോഡ് മാർഗ്ഗവുമുള്ള ഗതാഗതത്തിനും രാജ്യാതിർത്തികടന്നുയാത്രചെയ്യുന്നതിനും തടസ്സമില്ലെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു. ഈ വ്യവസ്ഥ പാലിക്കപ്പെടണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
താലിബാൻ ദോഹ സമാധാനകരാർ പ്രകാരം ലോകരാജ്യങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ ബാദ്ധ്യസ്ഥരാണ്. പ്രതികാര നടപടികളുമായി മുന്നോട്ട് പോകുന്നത് എല്ലാ ഉടമ്പടികളുടേയും ലംഘനമാണെന്നും പ്രമേയത്തിൽ മുന്നറിയിപ്പു നൽകുന്നു. താലിബാനെതിരെ ചർച്ചയിൽ രൂക്ഷമായി പ്രതികരിച്ചത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്. ഐക്യരാഷ്‌ട്രസഭയുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ളതും ലോകരാജ്യങ്ങൾക്ക് എപ്പോഴും ഇടപെടാനാകുന്നതുമായ ഒരു സുരക്ഷിത കേന്ദ്രമായി കാബൂളിനെ മാറ്റണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംഘടനകൾക്കും സമാധാനസേനാംഗങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എല്ലാ സഹായവും ഏകോപിപ്പിക്കാൻ ഒരു കേന്ദ്രം ആവശ്യമാണ്. താലിബാൻ നിയന്ത്രണങ്ങളില്ലാത്ത കേന്ദ്രമാണ് ഇതിനായി ആവശ്യമെന്നും മാക്രോൺ പറഞ്ഞു.
പ്രമേയം താലിബാന് നൽകുന്നത് ശക്തമായ രാഷ്‌ട്രീയ മുന്നറിയിപ്പാണെന്നും അന്താരാഷ്‌ട്ര പ്രതിസന്ധി പരിഹാര സമിതി മേധാവി റിച്ചാർഡ് ഗോവിൻ പറഞ്ഞു. അന്താരാഷ്‌ട്ര വിമാനത്താവളം എല്ലാ രാജ്യങ്ങൾക്കും വന്നുപോകാൻ പാകത്തിന് നിയന്ത്രണമുക്തമാക്കണമെന്നതാണ് പ്രാരംഭ നടപടിയെന്നും ഗോവിൻ പറഞ്ഞു.
Comments