ന്യൂയോർക്ക്: അഫ്ഗാനിസ്താനെ സംബന്ധിച്ച് അസന്നിഗ്‌ദ്ധമായ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. സുരക്ഷാ സമിതി അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. അഫ്ഗാൻ മണ്ണ് ഭീകരരുടെ സുരക്ഷാ താവളമായി മാറരുതെന്നും അതിർത്തികടന്ന് ഒരു രാജ്യത്തിന് നേരെയും ഒരു ആക്രമണവും ഉണ്ടാകരുതെന്നുമാണ് സഭ താലിബാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുരക്ഷാ സമിതി അദ്ധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ടുള്ള യോഗത്തിലാണ് ഇന്ത്യ താലിബാന് ഭീകരതയെ ഇല്ലായ്മചെയ്യണമെന്ന നിർദ്ദേശം നൽകിയത്. ഇന്ത്യക്കായി വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ലയാണ് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച് സംസാരിച്ചത്.
‘ അഫ്ഗാനിൽ സുപ്രധാനമായ ഭരണമാറ്റമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ആരും പ്രതീക്ഷിക്കാത്ത വിധമുള്ള അഭയാർത്ഥിപ്രവാഹം മേഖലയിലെ എല്ലാ രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ട്. താലിബാൻ ഭീകരസംഘടനകളുടെ കേന്ദ്രമായിരിക്കുന്നു. നിരവധി ആക്രമണങ്ങളും കൂട്ടക്കുരുതിയുമാണ് കഴിഞ്ഞ രണ്ടുമാസമായി അരങ്ങേറിയത്. ഇത് ഇനിയും അനുവദിക്കുന്നത് ലോകസമാധാനത്തിന് ഗുണകരമല്ല. അഫ്ഗാൻ മണ്ണ് ഒരുകാരണവശാലും ഭീകരരുടെ താവളമാകരുത്. ഒപ്പം ഒരു രാജ്യത്തിനെതിരേയും ആക്രമണം നടത്താൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കരുത്’ ഹർഷവർദ്ധൻ ഷ്രിംഗ്ല പറഞ്ഞു.
അഫ്ഗാനെതിരെ ശക്തമായ നിലപാടുകളുമായി അമേരിക്കയും, ഫ്രാൻസും, ബ്രിട്ടനും രംഗത്തെത്തിയിരുന്നു. മൂന്ന് രാജ്യങ്ങൾ സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തെ റഷ്യയും ചൈനയും എതിർക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ സഭയുടെ തീരുമാനം പ്രഖ്യാപിച്ചത്.
















Comments