ബംഗളൂരു: കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാരിലും കർശന കൊറോണ പരിശോധനയുമായി കർണാടക. വിവിധ ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരേയും റെയിൽവേ സ്‌റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ആർടിപിസിആർ ഫലമുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തുണ്ട്.
ടെസ്റ്റ് ഫലം ഒരു ദിവസത്തിൽ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമെ ക്വാറന്റീൻ അവസാനിപ്പിക്കുകയുള്ളൂ. പരിശോധനയിൽ 38 മലയാളി വിദ്യാർത്ഥികൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായാണ് വിവരം.
സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. ആളുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ക്വാറന്റീൻ ചെയ്യിക്കാൻ ഹോട്ടലുകളും കൊറോണ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നി്ന്ന് എത്തുന്ന എല്ലാവരേയും ക്വാറന്റീൻ ചെയ്യിക്കണമെന്നായിരുന്നു ഇന്നലെ കർണാടക സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശം.
എന്നാൽ വിദ്യാർത്ഥികൾക്ക് ഈ ക്വാറന്റീനിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ, പാരാമെഡിക്കൽ, നഴ്‌സിങ്, എൻജിനീയറിങ് വിദ്യാർഥികൾക്കാണ് ഇളവ്. ഇവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം മതി. മറ്റ് വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഒരാഴ്ചത്തെ ക്വാറന്റീൻ സ്ഥാപനം ഒരുക്കണമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
















Comments