യുഎസ് ഹെലികോപ്റ്ററിൽ മൃതദേഹം തൂക്കിയിട്ട് പറത്തൽ; താലിബാന്റെ കൊടുംക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്ത്

Published by
Janam Web Desk

കാബൂൾ : അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെ രാജ്യത്ത് പൂർണ സ്വാതന്ത്ര്യം ലഭിച്ച താലിബാൻ ജനങ്ങളെ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. യുഎസ് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ ഒരാളുടെ മൃതദേഹം കെട്ടിത്തൂക്കിക്കൊണ്ട് പറത്തുന്ന ദൃശ്യങ്ങളാണ് താലിബാന്റെ ക്രൂരത തുറന്നുകാട്ടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുഎസ് സൈന്യം അഫ്ഗാൻ പ്രതിരോധ സേനയ്‌ക്ക് നൽകിയതും ഉപേക്ഷിച്ച് പോയതുമായ നിരവധി പ്രതിരോധ ഉപകരണങ്ങൾ താലിബാൻ പിടിച്ചടക്കിയിരിക്കുകയാണ്. ഇതോടൊപ്പം യുഎസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും താലിബാന്റെ കൈവശമുണ്ട്. ഇതിൽ നിന്ന് ഒരാളുടെ മൃതദേഹം താഴേക്ക് കെട്ടിത്തൂക്കിക്കൊണ്ട് കാണ്ഡഹാർ പ്രവിശ്യയിലൂടെയാണ് താലിബാൻ ഭീകരർ ഹെലികോപ്റ്റർ പറത്തിയത്.

താലിബാന്റെ നിയന്ത്രണത്തിലുള്ള ട്വിറ്റർ അക്കൗണ്ടുകളും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കാണ്ഡഹാർ പ്രവിശ്യയിലൂടെ താലിബാൻ പട്രോളിംഗ് നടത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. രാജ്യത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത താലിബാൻ, പ്രതിരോധിക്കുന്ന ജനങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയാണ് എന്ന വിമർശനങ്ങളാണ് ഉയരുന്നത്.

Share
Leave a Comment