കാബൂൾ : 2021 ആഗസ്ത്റ്റ് 31. 20 വർഷത്തെ സൈനിക നടപടികൾ ആവസാനിപ്പിച്ച് അമേരിക്കയുടെ അവസാന സൈനികനും അഫ്ഗാനിസ്ഥാൻ വിട്ട ദിനം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യം അവസാനിപ്പിച്ച് അംബാസിഡർ റോസ് വിൽസണും സൈനികർക്കൊപ്പം മാതൃരാജ്യത്തേക്ക് മടങ്ങി. അഫ്ഗാനിൽ നിന്ന് ഓഗസ്ത് 31 നുള്ളിൽ പൂർണമായും പിൻമാറുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. താലിബാനുമായി ദോഹയിൽ വച്ച് ഉണ്ടാക്കിയ സമാധാന കരാറിനെ തുടർന്നായിരുന്നു പിൻമാറ്റം.
അഫ്ഗാനിസ്താൻ ഭരണം പിടിച്ചെടുത്ത താലിബാൻ ഭീകരരുടെ കയ്യിൽ ഒരു സാങ്കേതിക സംവിധാനവും നൽകാതെയാണ് മടക്കം. തിരികെ കൊണ്ടുപോകാൻ സാധിക്കാത്ത വിമാനങ്ങളും ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും ഉപയോഗശൂന്യമാക്കിയ ശേഷമാണ് അമേരിക്കൻ സൈനികർ കാബൂൾ വിട്ടത്. 73 വിമാനങ്ങൾ വിമാനത്താവളത്തിൽ നിരന്നുകിടക്കുകയാണ്. എന്നാൽ ഒന്നുപോലും ഇനി പറത്താനാകില്ല. ഒരെണ്ണത്തിന് 230 കോടിയിലേറെ വിലവരുന്ന അപ്പാഷെ ഹെലികോപ്റ്ററുകളും വിവിധ പ്രവിശ്യകളിലെ സൈനിക താവളങ്ങളിലുണ്ട്. ഇവ ഉപയോഗിക്കണമെങ്കിൽ അമേരിക്കയുടെ സാങ്കേതിക സഹായം വേണം.
മൈനുകൾ പൊട്ടിയാൽ പോലും തകരാത്ത എംആർഎപി, പട്രോളിംഗിന് ഉപയോഗിച്ചിരുന്ന ഹംവീസ് എന്നറിയപ്പെടുന്ന 27 കവചിത വാഹനങ്ങൾ എന്നിവയും ഉപേക്ഷിച്ചവയിലുണ്ട്. മരുഭൂമിയിലടക്കം അതിവേഗം സഞ്ചരിക്കാവുന്ന കവചിത വാഹനങ്ങളുടെ ചക്രങ്ങളും കംപ്യൂട്ടർ നിയന്ത്രിത സംവിധാനങ്ങളുമെല്ലാം സൈനികർ നശിപ്പിച്ചു. വാഹനങ്ങളുടെ ഗിയർബോക്സുകൾ കേടുവരുത്തി. ഇന്ധനടാങ്കുകളിൽ ദ്വാരമുണ്ടാക്കി. പലതും പൊളിച്ചുമാറ്റിയുമാണ് സൈനികർ പ്രവിശ്യയിലെ താവളങ്ങൾ പോലും വിട്ടത്. അഫ്ഗാൻ സൈന്യം ഉപയോഗിച്ചിരുന്ന ആയുധങ്ങളും കവചിത വാഹനങ്ങളും മാത്രമാണ് താലിബാന്റെ കയ്യിലെത്തിയിട്ടുള്ളത്.
മിസൈൽ പ്രതിരോധ ഉപകരണങ്ങളും മോർട്ടാർ വിക്ഷേപ സംവിധാനങ്ങളുമടക്കം ആയിരക്കണക്കിന് ഉപകരണങ്ങളും ഉപേക്ഷിച്ചാണ് അമേരിക്കൻ സൈനികർ മടങ്ങുന്നത്. ഭീകരാക്രമണം അവസാന നിമിഷത്തിലും പ്രതീക്ഷിച്ചിരുന്നതിനാൽ വിമാനത്താവളത്തിൽ ഉപയോഗിച്ചവ മാത്രമാണ് മികച്ച നിലയിൽ പ്രവർത്തിക്കുന്നതെന്ന് പെന്റഗൺ അറിയിച്ചു. എന്നാൽ സാങ്കേതിക മികവുള്ള സൈനികർക്ക് മാത്രമേ അവ ഉപയോഗിക്കാനാകൂ എന്നത് താലിബാന് തലവേദനയാകും. താലിബാനെ സംബന്ധിച്ച് അവർ പോരാടി നേടി എന്ന അവകാശ വാദത്തോടെ സൂക്ഷിച്ചു വയ്‌ക്കാം. എല്ലാം ഒരു മ്യൂസിയത്തിലെ പോലെ പ്രദർശിപ്പിക്കാം.
ഇരുപതു വർഷത്തെ സൈനിക നടപടി അവസാനിപ്പിച്ച് അമേരിക്ക മടങ്ങുമ്പോൾ അഫ്ഗാനിസ്താന്റെ ഭാവി എന്താകുമെന്നാണ് ചോദ്യമുയരുന്നത്. പഞ്ചശീറിൽ പോരാടാനൊരുങ്ങി വടക്കൻ സഖ്യം ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ട്. അഫ്ഗാനിൽ ഇടപെടാൻ ഒരുങ്ങി റഷ്യയും ചൈനയും തക്കം പാർത്തിരിക്കുന്നു. ഇന്ത്യക്കെതിരെ ഭീകരത പടർത്താൻ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കാൻ പാകിസ്താനും കാത്തു നിൽക്കുന്നു. ഏഷ്യയിൽ അതിർത്തിക്കടുത്ത് ഒരു ഭീകര രാജ്യമുണ്ടാകാൻ ഇന്ത്യയും ആഗ്രഹിക്കുന്നില്ല.
















Comments