തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാറിൽ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ വെളളപൂശി സംസ്ഥാന സർക്കാർ നിയോഗിച്ച രണ്ടാം വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. വീഴ്ചകളുണ്ടായെങ്കിലും കരാർ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമല്ലെന്നും കരാറിന്റെ പൂർണ ഉത്തരവാദിയായ ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങൾ ഇല്ലായിരുന്നുവെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനു മുൻപ് ഡാറ്റ സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടപാട് ഒരു മാസത്തോളമേ നീണ്ടു നിന്നുള്ളൂവെന്നും അവർക്കു പണമൊന്നും നൽകിയില്ലെന്നും 2020 ഏപ്രിൽ 20 ആയപ്പോഴേക്കും ഡേറ്റ മുഴുവൻ സിഡിറ്റിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിലേക്കു മാറ്റിയെന്നും ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
എന്നാൽ ആരോഗ്യ, നിയമ, ധന, തദ്ദേശഭരണ വകുപ്പുകളുമായോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുമായോ ചർച്ച നടത്താതെയാണ് ശിവശങ്കർ കരാർ ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. പി.ടി തോമസ്, പി.സി വിഷ്ണുനാഥ് എന്നിവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണു സർക്കാർ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തു വിട്ടത്.
മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായരുടെ നേതൃത്വത്തിലായിരുന്നു സമിതി. ഡോ.എ.വിനയ ബാബു, ഡോ.സുമേഷ് ദിവാകരൻ എന്നിവരായിരുന്നു അംഗങ്ങൾ. ഏപ്രിൽ 24 ന് സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുൻ വ്യോമയാന സെക്രട്ടറി എം.മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. ഗുൽഷൻ റായ് എന്നിവരടങ്ങുന്ന സമിതി നൽകിയ റിപ്പോർട്ട് പരിശോധിക്കാനാണ് സർക്കാർ ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്.
ശിവശങ്കർ ഏകപക്ഷീയമായി കരാർ നടപ്പിലാക്കുകയായിരുന്നുവെന്നും അതുവഴി പൊതുജനങ്ങളുടെ സ്വകാര്യ വിവരങ്ങൾക്ക് മേൽ കമ്പനിക്ക് നിയന്ത്രണം ലഭിച്ചുവെന്നുമായിരുന്നു ആദ്യ സമിതിയുടെ കണ്ടെത്തൽ. കരാറിന്റെ വിശദാംശങ്ങൾ പിണറായിയിൽ നിന്നും ചീഫ് സെക്രട്ടറി ടോം ജോസിൽ നിന്നും ശിവശങ്കർ മറച്ചുവെച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഒന്നോമുക്കാൽ ലക്ഷം കോറോണ രോഗികളുടെ ഡേറ്റകളാണ് യുഎസ് കമ്പനിയായ സ്പ്രിംഗ്ലർ ശേഖരിച്ചിരുന്നത്. എന്നാൽ കരാർ വിവാദമാവുകയും വലിയ തോതിൽ പ്രതിഷേധമുയരുകയും ചെയ്തതോടെ തുടരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.
ആദ്യ ആറ് മാസം സ്പ്രിംഗ്ലർ സൗജന്യമായി സേവനം നൽകുമെന്നയിരുന്നു കരാർ. അതിനുശേഷം കൂടുതൽ സേവനങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ തുടരാമെന്നും ഇതിന് ഒരു നിശ്ചിത നിരക്ക് ഈടാക്കുമെന്നുമായിരുന്നു കരാറിൽ വ്യക്തമാക്കിയിരുന്നത്. വിദേശകമ്പനികളുമായി വ്യക്തികളുടെ വിവരങ്ങൾ കൈമാറുമ്പോൾ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്ന വ്യവസ്ഥയും പാലിച്ചിരുന്നില്ല.
Comments