ശ്രീനഗർ: കേന്ദ്രസർക്കാറിന്റെ നയങ്ങൾക്ക് സമ്പൂർണ്ണ സ്വീകാര്യത ലഭിക്കുന്ന കശ്മീർ മേഖലയിൽ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പരിശ്രമവുമായി നാഷണൽ കോൺഫറസ് നേതാക്കൾ. പാർട്ടിയുടെ മുൻ എം.എൽ.എമാരേയും നേതാക്കളേയും വിളിച്ചുകൂട്ടിയുള്ള യോഗമാണ് നടന്നത്. നാഷണൽ കോൺഫറൻസ് ജില്ലാ പ്രസിഡന്റുമാരേയും നിയോജകമണ്ഡലം പ്രസിഡന്റുമാരേയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
ഫറൂഖ് അബ്ദുള്ളയും മകൻ ഒമർ അബ്ദുള്ളയും മുൻകൈ എടുത്താണ് യോഗം വിളിച്ചത്. ജില്ലാവികസന കൗൺസിൽ തെരഞ്ഞെടുപ്പിൽ എതിർപാർട്ടികളെപ്പോലും വിശ്വാസത്തിലെടുത്ത് ബി.ജെ.പിയും ജമ്മുകശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയും നടത്തിയ നീക്കം ജനങ്ങളിൽ എല്ലാതെറ്റിദ്ധാരണയും നീക്കിയതാണ് പ്രതിപക്ഷങ്ങളെയും വിഘടവാദി നേതാക്കളേയും അങ്കലാപ്പിലാക്കിയിട്ടുള്ളത്.
ജമ്മുകശ്മീരിൽ ഏതു സമയത്തും തെരഞ്ഞെടുപ്പ് നടത്താമെന്ന് ബി.ജെ.പിയും കേന്ദ്രസർക്കാറും പാർലമെന്റിൽ അറിയിച്ചിരുന്നു. സംസ്ഥാന ഘടനയിലേക്ക് ജമ്മുകശ്മീരിനെ എത്തിക്കാൻ നടക്കുന്ന അതിവേഗ നീക്കത്തിൽ പാർട്ടി ശക്തിപ്പെടുത്താനുള്ള അവസാന ശ്രമമാണ് ഫറൂഖ് അബ്ദുള്ളയും മകനും നടത്തുന്നത്.
ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരേയും നരേന്ദ്രമോദിക്കെതിരേയും നടത്താനുദ്ദേശിക്കുന്ന സമരമാർഗ്ഗങ്ങളെ സംബന്ധിച്ച് മൂന്നാം മുന്നണി രണ്ടു തവണ യോഗം കൂടിയിട്ടും വിജയിച്ചില്ല. ഒരു ഘട്ടത്തിൽ ശരദ്പവാർ മുൻകൈ എടുത്ത യോഗം ഒരു തീരുമാനമാകാതെ പിരിഞ്ഞു. കോൺഗ്രസ്സിന്റെ മുതിർന്ന ഒരു നേതാവിനെ പോലും പങ്കെടുപ്പിക്കാത്ത യോഗം ശരദ്പവാറിന്റെ ശക്തിപ്രകടനമായി മാറി.
ഇതിനിടെ കോൺഗ്രസ്സ് മഹാരാഷ്‌ട്ര, പഞ്ചാബ്, കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അനുഭവിക്കുന്ന ഉൾപ്പാർട്ടിപ്പോരാണ് രാഹുലിനേയും സോണിയയേയും കുടുക്കുന്നത്. ഇതിനിടെ ഡൽഹി രാഷ്‌ട്രീയത്തിൽ കയറിക്കളിക്കാൻ മമതാബാനർജി നടത്തുന്ന ശ്രമവും കോൺഗ്രസ്സിന്റെ പിടി അയക്കുകയാണ്. പെഗാസെസ് വിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രതിപക്ഷം നീങ്ങിയ വർഷകാല പാർലമെന്റ് സമ്മേളനത്തിൽ ജമ്മുകശ്മീർ വിഷയം ശക്തമായി വാദിക്കാൻ നാഷണൽ കോൺഫറൻസിനായിട്ടില്ല.
















Comments