കാഠ്മണ്ഡു: ചൈനയുമായി അതിർത്തി തർക്കം ഉണ്ടെന്ന് സമ്മതിച്ച് നേപ്പാൾ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനയും സർക്കാർ പുറത്തിറക്കി. നേപ്പാളിലെ പല ജില്ലകളിലും ചൈന നടത്തിയ കടന്നുകയറ്റം അന്വേഷിക്കാൻ ഒരു ഉന്നതതല സമിതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു.
നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേവയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും ഉന്നതതല സമിതി. ഈ സമിതിയിൽ നേപ്പാളിലെ നാല് സുരക്ഷാ വകുപ്പുകളുടെ പ്രതിനിധികളും ഉണ്ടാകും.
ഒലി സർക്കാരിന്റെ കാലത്ത്, നേപ്പാളിലെ ഹുംല ജില്ലയിലെ നംഖയിൽ ചൈന കയ്യേറ്റം നടത്തിയിരുന്നു. സൈനികർ വഴി അതിർത്തി ജില്ലകളിൽ കടന്നുകയററം നടത്തി കെട്ടിടങ്ങൾ നിർമ്മിച്ചതായി ജന പ്രതിനിധികൾ ഒലി സർക്കാരിന് പരാതി നൽകിയിരുന്നു . ഒരുപാട് സമ്മർദ്ദങ്ങൾക്ക് ശേഷം, ഒലി സർക്കാർ ചീഫ് ഡിസ്ട്രിക്ട് ഓഫീസറുടെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. എന്നാൽ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ്, വിദേശകാര്യ മന്ത്രി അതിർത്തി തർക്കമില്ലെന്ന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. വിഷയത്തിൽ ഒലി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അന്ന് ഉയർന്നത്. പിന്നീട് ഇപ്പോഴാണ് ചൈന അതിർത്തിയിൽ കടന്നുകയറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
Comments