ന്യൂഡൽഹി: താലിബാന് അഭിനന്ദനവുമായി അൽ ഖ്വയ്ദ. അഫ്ഗാനിസ്ഥാനിൽ അല്ലാഹു നൽകിയ വിജയത്തിന് അഭിനന്ദനങ്ങൾ എന്ന തലക്കെട്ടോടെയാണ് താലിബാനെ പ്രകീർത്തിച്ച് അൽ ഖ്വയ്ദയുടെ മുഖപത്രമായ അസ്-സഹബ്, രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനെ അമേരിക്കൻ അധിനിവേശത്തിൽ നിന്ന് മോചിപ്പിച്ച് തിരിച്ചുവന്ന താലിബാൻ ഭരണകൂടത്തിന് അഭിനന്ദനം എന്നാണ് ലേഖനത്തിൽ പറയുന്നത്.
ലേഖനത്തിൽ താലിബാന്റെ തിരിച്ചുവരവിനെ അഭിനന്ദിക്കുക മാത്രമല്ല അൽ-ഖ്വയ്ദ ചെയ്യുന്നത്. ജിഹാദ് നടത്തി മുസ്ലിം ഭരണ പ്രദേശങ്ങൾ കീഴടക്കണമെന്നും ലേഖനത്തിലൂടെ അൽഖ്വയ്ദ അഹ്വാനം ചെയ്യുന്നുണ്ട്. കശ്മീരിന്റെ പേരാണ് അൽ ഖ്വയ്ദയുടെ പട്ടികയിൽ ഇനിയുളളതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.കശ്മീരിന് പുറമെ, ലെവന്റ്, സൊമാലിയ, ഇറാഖ്, സിറിയ, ജോർദാൻ എന്നീ പ്രദേശങ്ങളും അൽ ഖ്വയ്ദയുടെ പട്ടികയിലുൾപ്പെടുന്നു.
ചൈനയുടെ സിൻജിയാങ്ങിനെയും റഷ്യയുടെ ചെച്നിയയെയും ലേഖനത്തിൽ പരാമർശിക്കുന്നില്ല. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം തിരിച്ചു വന്നതിന് ശേഷം ചൈനയും റഷ്യയും എടുത്ത അനുകൂല നിലപാടാണ് അൽ-ഖ്വയ്ദ സിൻജിയാങ്ങിനെയും , ചെച്നിയയെയും ഒഴിവാക്കിയതെന്നാണ് സൂചന.
ഈ ചരിത്ര വിജയത്തോടെ, പടിഞ്ഞാറൻ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച യുദ്ധത്തിൽ നിന്ന് മുസ്ലീം പ്രദേശങ്ങളെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാശ്മീർ, സൊമാലിയ, ലെവന്റ്, യെമൻ എന്നീ ഇസ്ലാമിക രാജ്യങ്ങളെ ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയിൽ നിന്ന് അല്ലാഹു മോചിപ്പിക്കട്ടെ. ലോകമെമ്പാടുമുള്ള മുസ്ലീം തടവുകാർക്ക് അല്ലാഹു സ്വാതന്ത്ര്യം നൽകട്ടെ.
അമേരിക്കയിലെ രാജാവിനെ ലജ്ജിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്ത സർവശക്തനെ ഞങ്ങൾ അഭിനന്ദിക്കുന്നു. അമേരിക്കയുടെ നട്ടെല്ല് തകർത്ത് അതിന്റെ ആഗോള പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപ്പിക്കുകയും അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക മണ്ണിൽ നിന്ന് അമേരിക്കയെ പുറത്താക്കുകയും ചെയ്ത സർവ്വശക്തനെ ഞങ്ങൾ അഭിനന്ദിക്കുന്നു എന്നാണ് ലേഖനത്തിൽ അൽ ഖ്വയ്ദ വീരവാദം മുഴുക്കുന്നത്.
കശ്മീരിനെ മോചിപ്പിക്കുകയും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അൻസാർ ഗസ്വാത്തുൽ ഹിന്ദ് എന്ന പുതിയ സംഘടനയും അൽ ഖ്വയ്ദ രൂപീകരിച്ചിട്ടുണ്ട്. താലിബാൻ അഫ്ഗാൻ കീഴടക്കിയതോടെ ജമ്മു കശ്മീരിൽ ഇസ്ലാമിക ഭരണം എന്ന സ്വപ്നം കണ്ടുതുടങ്ങിയെന്ന് അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി പ്രസ്താവന ഇറക്കിയിരുന്നു. അൽ-ഖ്വയ്ദയ്‌ക്കു പുറമേ ഹിസ്ബുൾ മുജാഹിദ്ദീനും കശ്മീർ ആക്രമിക്കാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
















Comments