തെലങ്കാന: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാകുൽ പ്രീത് സിങിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈദരാബാദ് സോണൽ ഓഫീസിൽ ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തെലുഗു നടി ചാർമി കൗറിനെയും സിനിമാ സംവിധായകൻ പുരി ജഗന്നാഥിനെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. നാലു വർഷം മുൻപ് നടന്ന മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പണം തട്ടിപ്പു നടത്തിയ കേസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
2017ൽ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 11 കേസുകളിൽ തെലങ്കാന എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് കുറ്റപത്രം സമർപ്പിച്ചു. പിന്നീട് ഇതിൽ കള്ളപ്പണം വെളുപ്പിക്കലിനുള്ള സാധ്യത പരിശോധിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്. നിലവിൽ കേസിൽ തെലങ്കാന എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നടൻ റാണ ദഗ്ഗുബട്ടിയോട് സെപ്തംബർ എട്ടിനും തെലുങ്ക് നടൻ രവി തേജയോട് തൊട്ടടുത്ത ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കള്ളപ്പണ്ണം വെളുപ്പിക്കൽ കേസിൽ ഇവർക്ക് പങ്കുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.
















Comments