തിരുവനന്തപുരം: കാറുകൾ കർണാടകയിൽ എത്തിച്ച് രൂപമാറ്റം വരുത്തി ആംബുലൻസുകളാക്കുന്ന തട്ടിപ്പ് പിടികൂടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് കൊറോണ വ്യപനം വർദ്ധിക്കുകയും ആംബുലൻസുകളുടെ ആവശ്യകത ഉയരുകയും ചെയ്തതോടെയാണ് പലരും ഈ തട്ടിപ്പിന് മുതിരുന്നത്. രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാവുന്ന നീക്കം മുളയിലേ നുളളാനുളള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹന വകുപ്പ്.
സംസ്ഥാനത്ത് ഇത്തരത്തിൽ ഇരുന്നൂറോളം വാഹനങ്ങളാണ് രൂപമാറ്റം വരുത്തി നിരത്തുകളിൽ ഓടിക്കുന്നത്. മുൻപ് കാറുകളെ ആംബുലൻസാക്കിയാൽ രജിസ്‌ട്രേഷൻ നൽകിയിരുന്നു. എന്നാൽ, വാഹന നിർമ്മാതാക്കൾ ആംബുലൻസുകൾ നിർമ്മിക്കാൻ ആരംഭിച്ചതിനു ശേഷം രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകില്ല.
കേരളത്തിൽ കാറുകൾ ആംബുലൻസുകളാക്കി മാറ്റുന്ന സ്ഥാപനങ്ങളില്ല. കർണാടകയിലാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങളും ഏജസികളും അധിമായി കാണപ്പെടുന്നത്. മറുനാട്ടിൽ നിന്നും ഇത്തരത്തിൽ രൂപമാറ്റം വരുത്തി ആലപ്പുഴയിൽ എത്തിച്ച വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് രജിസ്‌ട്രേഷൻ നിഷേധിച്ചിരുന്നു.
കൊറോണ വ്യാപനം ഉയർന്ന സാഹചര്യത്തിൽ ചെറിയ വാഹനങ്ങളെ ആംബുലൻസുകളാക്കി ഓടിക്കാൻ അനുവാദം നൽകിയിരുന്നു. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് പലരും കാറുകൾക്ക് രൂപമാറ്റം വരുത്തുകയാണ്. ആംബുലൻസ് വാങ്ങുവാൻ വൻ തുകയാണ് ചിലവാകുന്നത്. അതുകൊണ്ടാണ് പലരും ഈ മാർഗം സ്വീകരിക്കുന്നതെന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്.
















Comments