ന്യൂഡൽഹി: രാജ്യത്തെ എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറേണ പ്രതിസന്ധിമൂലം താളംതെറ്റിയ വിദ്യാഭ്യാസരംഗത്തെ സുഗമമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ അദ്ധ്യാപകർ വഹിച്ച പങ്കിനെ മോദി പ്രശംസിച്ചു.
‘അദ്ധ്യാപക ദിനത്തിൽ, രാജ്യത്തെ മുഴുവൻ അദ്ധ്യാപക സമൂഹത്തിനും അഭിവാദ്യങ്ങൾ. യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിൽ എല്ലായ്‌പ്പോഴും ഒരു പ്രധാന പങ്ക് അദ്ധ്യാപകർ വഹിച്ചിട്ടുണ്ട്. കൊറോണ പ്രതിസന്ധിക്കിടയിലും മികച്ച വിദ്യാഭ്യാസം കാഴ്ചവെച്ച അവരുടെ പ്രയത്‌നങ്ങൾ പ്രശംസനീയമാണ്’ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യാപക ദിനത്തിനു മുന്നോടിയായി അദ്ധ്യാപകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. ശക്തവും സമ്പന്നവുമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിൽ അദ്ധ്യാപകർ നൽകിയ അമൂല്യമായ സംഭാവനയ്‌ക്ക് അദ്ദേഹം നന്ദി അർപ്പിച്ചു. രാജ്യത്തെ ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്‌ട്രപതി ഇന്ന് ആദരിക്കും. കൊറോണയുടെ പഞ്ചാത്തലത്തിൽ വിർച്വലായാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയും, രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിലാണ് എല്ലാ വർഷവും അദ്ധ്യാപക ദിനം ആചരിക്കുന്നത്. 1962 ലാണ് ആദ്യമായി അദ്ധ്യാപക ദിനം ആചരിച്ചത്. വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ മാതൃകാപരമാണ്.
Comments