മഹാമാരി കാലത്ത് ആഗോള നേതാക്കളുടെ ജനപ്രീതി ഇടിയുമ്പോഴും കൂടുതൽ ജനകീയനായി നരേന്ദ്ര മോദി. ഇന്ത്യക്കാർക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുളള സ്വീകാര്യത ഏറുകയാണെന്നാണ് പുതിയ റിപ്പോർട്ട്. മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇൻറലിജൻസ് പ്രസിദ്ധീകരിച്ച ലോക നേതാക്കളുടെ അപ്രൂവൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് നരേന്ദ്രമോദി. പട്ടികയിൽ 70 ശതമാനമാണ് മോദിയുടെ അപ്രൂവൽ റേറ്റിംഗ് എന്നത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനകീയത വിളിച്ചോതുന്നു.
അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റലിജൻസ് ഏജൻസിയാണ് മോണിംഗ് കൺസൾട്ട്. സെപ്റ്റംബർ 2ന് പുതുക്കിയ സർവേയിലാണ് മോദി ഒന്നാം സ്ഥാനം നിലനിർത്തിയത്. 2020 ജനുവരി മുതൽ 2021 ഓഗസ്ത് 31 വരെ ലോകനേതാക്കൾക്കിടയിൽ ഒന്നാമനായി തുടരുകയാണ് മോദി. മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ആണ് രണ്ടാം സ്ഥാനത്ത്. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി മൂന്നും, ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ നാലും, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഞ്ചും സ്ഥാനങ്ങളിലാണ്.
റേറ്റിങ്ങിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേക്കാൾ 11 മടങ്ങാണ് മോദിയുടെ ജനപ്രീതി. നരേന്ദ്ര മോദിക്ക് 45 ആണ് നെറ്റ് അപ്രൂവൽ. ജോ ബൈഡന്റെ നെറ്റ് അപ്രൂവൽ 4 മാത്രമാണ്. അമേരിക്കയുടെ അഫ്ഗാനിൽ നിന്നുളള പിന്മാറ്റവും, താലിബാൻ അധികാരം പിടിച്ചതും ബൈഡന്റെ ജനപ്രീതിയിൽ വൻ ഇടിവുണ്ടാക്കി.
മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇൻറലിജൻസ് പ്രസിദ്ധീകരിച്ച പട്ടികയിൽ 13 നേതാക്കളാണ് ഉള്ളത്. റേറ്റിങിൽ പൂജ്യത്തിന് മുകളിൽ നെറ്റ് അപ്രൂവൽ ലഭിച്ചത് 6 പേർക്ക് മാത്രമാണ്. കൊറോണയുണ്ടാക്കിയ പ്രതിസന്ധി ജനങ്ങൾക്കിടയിൽ നേതാക്കളോടുളള അപ്രീതിക്ക് കാരണമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ നെഗറ്റീവ് അപ്രൂവൽ ലഭിച്ചവരിൽ ഉൾപ്പെടുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസോനാരോ എന്നീ നേതാക്കളും പട്ടികയിലുണ്ട്. ജൂണിൽ പ്രധാനമന്ത്രി മോദിയുടെ അപ്രൂവൽ റേറ്റിംഗ് 66% ആയിരുന്നു. കൊറോണ പ്രതിസന്ധിക്കിടയിലും മോദിയിൽ ജനങ്ങൾക്കുളള വിശ്വാസം ഏറിയെന്നത് ശ്രദ്ധേയമാണ്.















Comments