ഗുജറാത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വരാവലിക്ക് സമീപം അറബിക്കടലിന്റെ തീരത്തായി ഒരു പുണ്യസ്ഥലം.. ചരിത്രവും ആത്മീയതയും വിളിച്ചോതുന്ന സോമനാഥ ക്ഷേത്രം. പിന്നിൽ ഇരമ്പുന്ന കടലും മുന്നിൽ ശിവനും.. ക്ഷേത്രവളപ്പിനകത്ത് ഭക്തർക്ക് അനിർവചനീയമായ അനുഭൂതി പകരുന്ന അന്തരീക്ഷം.
ശിവനെ ജ്യോതിർലിംഗ രൂപത്തിൽ ആരാധിക്കുന്ന 12 ശിവ ക്ഷേത്രങ്ങളാണ് ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളെന്ന് അറിയപ്പെടുന്നത്. അതിൽ ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതുമാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. ഇസ്ലാമിക ഭീകരാൽ നിരവധി തവണ ആക്രമിക്കപ്പെടുകയും ഭാരതീയർ പുനർനിർമിക്കുകയും ചെയ്ത ചരിത്രവും സോമനാഥ ക്ഷേത്രത്തിനുണ്ട്.
സോമനാഥിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും കഴിഞ്ഞ ഓഗസ്റ്റ് 20നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്. നവീകരിച്ച ജുന സോമനാഥ ക്ഷേത്രം, സമുദ്ര ദർശന പാത, സോമനാഥ് എക്‌സിബിഷൻ ഗാലറി എന്നിവയുടെ ഉദ്ഘാടനവും പാർവതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
സോളങ്കി രാജാക്കൻമാർ പത്താം നൂറ്റാണ്ടിലായിരുന്നു ക്ഷേത്രം നിർമിച്ചത്. ദ്വാദശ ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ അതിവിശിഷ്ടമായ സോമനാഥ ക്ഷേത്രത്തിന് രുദ്രമാല എന്ന സോളങ്കി വാസ്തു ശിൽപകലാ രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. അക്കാലത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തിലെ പൂജാവിധികൾക്ക് ഗംഗയിൽ നിന്ന് അഭിഷേകജലവും കശ്മീരിൽ നിന്ന് പുഷ്പങ്ങളും കൊണ്ടുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്വർണ നിർമിതമായ പൂജാ സാമഗ്രികളും രത്‌നങ്ങൾ പതിച്ച വിളക്കുകളും സ്തൂപങ്ങളും ക്ഷേത്രത്തിനുണ്ടായിരുന്നു. പതിനായിരത്തോളം ഗ്രാമങ്ങളും ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു.
എന്നാൽ ഈ സമ്പന്നത നോക്കി നിൽക്കാൻ പലർക്കും കഴിഞ്ഞിരുന്നില്ല. നിരവധി പേരാൽ അനവധി തവണ ക്ഷേത്രം കൊള്ളയടിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. മുഹമ്മദ് ഗസ്‌നിയാണ് ആദ്യമായി ക്ഷേത്രം ആക്രമിച്ചത്. പിന്നീട് ഭീമ-ഭോജ രാജാക്കൻമാർ ക്ഷേത്രം വീണ്ടും പണിതുയർത്തി. നിരവധി ഇസ്ലാമിക ഭീകരരാൽ പിന്നീടും ക്ഷേത്രം തകർക്കപ്പെട്ടെങ്കിലും ഓരോ തവണയും ഉയർത്തെഴുന്നേറ്റു വന്നു. ഒടുവിൽ 1783ൽ റാണി അഹല്യയാണ് ക്ഷേത്രം പുനഃനിർമിച്ചത്. പിന്നീട് 1951ൽ അതേസ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ നിർദേശപ്രകാരമായിരുന്നു ക്ഷേത്രത്തിന്റെ പുനർനിർമാണം.
അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് സോമനാഥ ക്ഷേത്രത്തെ പുനരുദ്ധാരണം ചെയ്ത് ലോകമെമ്പാടുമുള്ള സഞ്ചാരികളെയും രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ഭക്തരെയും ആകർഷിക്കുന്ന പുണ്യഭൂമിയാക്കി മാറ്റിയത്. ആത്മീയതയാലും ഭക്തിയാലും മുഖരിതമാകുന്ന ക്ഷേത്രാങ്കണങ്ങൾ ആയിരക്കണക്കിന് പേർക്ക് തൊഴിലവരങ്ങൾ നൽകുകയും വരും തലമുറയ്‌ക്ക് ചരിത്രവുമായി ബന്ധപ്പെടാൻ അവസരം നൽകുകയുമാണ്.















Comments