ഇടുക്കി : പണിക്കൻകുടിയിൽ വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട സംഭവത്തിൽ ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതി ബിനോയിയെ സംഭവ സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. സംഭവ ശേഷം ഒളിവിൽ പോയ ബിനോയിയെ ഇന്നലെ ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ തെളിവെടുപ്പ് ആവശ്യമായതിനാൽ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും.
പെരിഞ്ചാംകുട്ടിയിൽ നിന്നുമാണ് ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാൾ രണ്ട് ദിവസം മുൻപാണ് ഇവിടെയെത്തിയത്. തുടർന്ന് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇവിടെ കഴിയുകയായിരുന്നു.
ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പ്രധാനമായും അന്വേഷണം നടത്തിയിരുന്നത്. പെരിഞ്ചാംകുട്ടിയിൽ എത്തിയ ഇയാൾ ഫോണിൽ സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് പോലീസ് വലയിലാക്കിയത്.
തമിഴ്‌നാടിന് പുറമേ തൃശ്ശൂർ, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ ബിനോയ് ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. സിന്ധുവുമായി ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ബിനോയ് പോലീസിന് നൽകിയ മൊഴി. അടുത്തിടെ മുൻ ഭർത്താവിനെ കാണാൻ പോയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. സിന്ധുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ബിനോയ് സംശയിച്ചിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണമായത്.
















Comments