ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭ നയങ്ങളെ വിമർശിച്ച് വീണ്ടും ഇന്ത്യ.പഴകിയ തന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ലെന്നും അടിയന്തിരമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.ക്വാഡ് സഖ്യം ഈ കാലഘട്ടത്തിലെ അനിവാര്യ കൂട്ടായ്മയാണെന്നും അമേരിക്കയുടെ ലോകശക്തിയെന്ന സ്ഥാനത്തിനെതിരായ മത്സരം അനാവശ്യമെന്നും ജയശങ്കർ പറഞ്ഞു.ഓസ്‌ട്രേലിയൻ നാഷണൽ ഫൗണ്ടേഷന്റെ ജെ.ജി ക്രോഫോർഡ് ഒറേറ്റേഷൻ എന്ന സംവാദ പരിപാടിയിലാണ് ഇന്ത്യയുടെ നയം വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.
പസഫിക് മേഖലയിലെ വെല്ലുവിളികളും ക്വാഡ് സഖ്യത്തിന്റെ പ്രസക്തിയും ഊന്നിപ്പറഞ്ഞുകൊണ്ടാണ് ജയശങ്കർ സംസാരിച്ചത്. ആഗോള വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്‌ട്രസഭയുടെ നിലവിലെ നയങ്ങൾക്കാവില്ലെന്നും കാതലായതും സമഗ്രവുമായ മാറ്റം ആവശ്യമാണെന്നും ജയശങ്കർ പറഞ്ഞു. ഇന്തോ പസഫിക് മേഖലയിലെ ആഗോള പ്രതിസന്ധി, അഫ്ഗാനിലെ ഭരണമാറ്റവും ഭീകരതയും, കൊറോണ വ്യാപനം. ഇവ മൂന്നുമാണ് സുപ്രധാന വിഷയങ്ങളെന്നും ഇവയെ ഗൗരവത്തോടെ സമീപിക്കാനും തീരുമാനം എടുക്കാനുമാകുന്ന കൂട്ടായ്മകൾ അനിവാര്യമാണെന്നും ജയശങ്കർ ഓർമ്മിപ്പിച്ചു. നമ്മൾ കരുതുന്നതിലും ഭീകരമാണ് ഓരോ രംഗത്തേയും അവസ്ഥ. നശീകരണ പ്രവണതകൾ മേഖലയിൽ വർദ്ധിക്കുകയാണെന്നും ഇന്തോ-പസഫിക് മേഖല അതിന്റെ കേന്ദ്രബിന്ദുവാണെന്നും ജയശങ്കർ പറഞ്ഞു.
ഈ കാലഘട്ടത്തിലെ ശക്തനായ രാജ്യം അമേരിക്ക തന്നെയെന്ന് സമ്മതിച്ച ജയശങ്കർ പല പ്രതിസന്ധികളുടേയും പരിഹാരത്തിന് എല്ലാ രാജ്യങ്ങളും ഇത്തരം വിഷയത്തിൽ ഒപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. അതേ സമയം അമേരിക്കയിലെ ജനാധിപത്യ സ്വഭാവത്തിലുണ്ടാകുന്ന ആന്തരികമാറ്റങ്ങൾ നിസ്സാരമായി കാണാനാകില്ലെന്നും പല സംഭവങ്ങളും ശ്രദ്ധിക്കപ്പെടേണ്ടവയാണെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ കരുത്താണ് ക്വാഡ് സഖ്യത്തിന്റെ സവിശേഷതയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
















Comments