ഹാനോയ്: ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് യുവാവിനെ അഞ്ചു വർഷം തടവിന് ശിക്ഷിച്ച് വിയറ്റ്‌നാം. ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച് കൊറോണ പടർത്തിയെന്ന കുറ്റത്തിനാണ് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുപത്തിയെട്ടുകാരനായ ലെ വാൻ ട്രി എന്ന യുവാവിനെയാണ് തടവ് ശിക്ഷ വിധിച്ചത്
യുവാവിന്റെ സ്വദേശമായ കാ മൗവിലെ കൊറോണ അതിതീവ്ര മേഖലയിൽ നിന്ന് കൊറോണ നിയമങ്ങൾ ലംഘിച്ച് ഹോചിമിൻ നഗരത്തിലേക്ക് യാത്രചെയ്യുകയായിരുന്നു. ജൂലൈ ഏഴിന് കൊറോണ സ്ഥിരീകരിച്ചിരുന്ന യുവാവിനോട് 21 ദിവസം ക്വാറന്റൈനിൽ കഴിയാൻ അധികൃതർ നിർദേശിച്ചിരുന്നെങ്കിലും അത് അനുസരിക്കാതെയായിരുന്നു യാത്ര.
നിയമലംഘനം കാരണം യുവാവിന്റെ കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുമടക്കം നിരവധി പേർക്ക് രോഗം പിടിപെടാൻ കാരണമായി. ഇങ്ങനെ രോഗം ബാധിച്ച ഒരാൾ ആഗസ്റ്റ് ഏഴിന് മരണപ്പെട്ടതായും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒരു ദിവസത്തെ വിചാരണക്കു ശേഷമാണ് ലെ വാൻ ത്രി ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷക്കു പുറമെ പിഴശിക്ഷയുമൊടുക്കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്.
കൊറോണ നിയമങ്ങൾ ലംഘിച്ചതിന് മറ്റു രണ്ടു പേരെകൂടി വിയറ്റ്‌നാമിൽ തടവുശിക്ഷയ്‌ക്കു വിധിച്ചിട്ടുണ്ട്. ഒരാൾക്ക് പതിനെട്ടു മാസവും മറ്റൊരാൾക്ക് രണ്ടു വർഷവുമാണ് തടവ്. 2020ൽ കൊറോണ ആദ്യ തരംഗം ഉണ്ടായപ്പോൾ ഫലപ്രദമായ പ്രതിരോധിച്ച വിയറ്റ്‌നാമിൽ ഇപ്പോൾ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്.രണ്ടാഴ്ചയിലേറെയായി 12,000നും 15,000നുമിടയിൽ പ്രതിദിന രോഗ ബാധയാണ് രാജ്യത്ത് സ്ഥിരീകരിക്കുന്നത്.
















Comments