കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിച്ച് താലിബാൻ. കൊല്ലപ്പെട്ട താലിബാൻ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ അടുത്ത അനുയായി ആയ മുല്ല ഹസൻ അഖുണ്ഡ് ആണ് ആക്ടിംഗ് പ്രധാനമന്ത്രി. മുല്ല ഒമറിന്റെ മകനായ മുല്ല മൊഹമ്മദ് യാക്കൂബ് ആണ് പ്രതിരോധമന്ത്രി. താലിബാൻ രാഷ്‌ട്രീയ കാര്യ വിഭാഗം തലവനും സഹസ്ഥാപകനുമായ മുല്ല അബ്ദുൾ ഖാനി ബരാദർ ഉപഭരണാധികാരിയാകും.
ഹഖാനി ഗ്രൂപ്പ് സ്ഥാപകന്റെ മകൻ സറാജുദ്ദീൻ ഹഖാനിയാണ് പുതിയ ആഭ്യന്തര മന്ത്രി. യുഎസിന്റെ ഉപരോധ പട്ടികയിൽ ഉളള ഭീകരസംഘമാണ് ഹഖാനി ഗ്രൂപ്പ്. താലിബാന്റെ അഫ്ഗാനിലെ ഉന്നത നേതാവ് അബ്ബാസ് സ്റ്റാനിക്‌സായ് ആണ് വിദേശകാര്യ മന്ത്രി. താലിബാൻ വക്താവ് സബിയുളള മുജാഹിദ് ആണ് കാബൂളിൽ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.
സർക്കാർ രൂപീകരണത്തോടൊപ്പം അഫ്ഗാനെ ഇസ്ലാമിക് എമിറേറ്റായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ആക്ടിംഗ് ഭരണാധികാരികളായിരിക്കുമെന്നും സബിയുളള മുജാഹിദ് വ്യക്തമാക്കി.
തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചിട്ടും പഞ്ച്ശീർ കീഴടക്കാൻ കഴിയാഞ്ഞതും ഭീകരസംഘടനയ്‌ക്കുള്ളിലെ അധികാര തർക്കവുമാണ് സർക്കാർ രൂപീകരണം വൈകിപ്പിച്ചത്.
അതേസമയം താലിബാന്റെ ഉന്നത നേതാവായ മുല്ല ഹെയ്ബത്തുളള അഖുണ്ഡ്‌സാദയുടെ പങ്ക് സംബന്ധിച്ച് അവ്യക്തത അവശേഷിക്കുകയാണ്.
















Comments