ബംഗളൂരു : സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ ടിപ്പു സുൽത്താന്റെ ചിത്രം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കിയ സംഭവത്തിൽ കൂടുതൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. നാല് പ്രവർത്തകരെയാണ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
കബക്ക സ്വദേശികളായ നൗഷാദ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് തൗസിഫ്, ഷംസുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 15 നായിരുന്നു സംഭവം. ഗ്രാമത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയ്ക്കിടെയായിരുന്നു എസ്ഡിപിഐ പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചത്. റാലിയിൽ സ്വാതന്ത്ര്യസമര സേനാനിയായ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് ടിപ്പു സുൽത്താന്റെ ചിത്രം ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എസ്ഡിപിഐ പ്രവർത്തകർ രംഗത്ത് വന്നത്.
എന്നാൽ എസ്ഡിപിഐയുടെ ആവശ്യം പ്രദേശവാസികൾ അംഗീകരിച്ചില്ല. ഇതോടെ എസ്ഡിപിഐക്കാർ റാലിയിൽ പങ്കെടുത്തവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ എസ്ഡിപിഐ പ്രവത്തകർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലാണ് നടപടി.
പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Comments