ഡൽഹി: അക്രമത്തിലൂടെ അധികാരം പിടിച്ചെടുത്ത്, താലിബാൻ രൂപീകരിച്ച സർക്കാറിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യയിലെ അഫ്ഗാനിസ്താൻ എംബസി. സർക്കാർ രൂപീകരണം നിയമവിരുദ്ധമാണെന്നും ആഗോളതലത്തിൽ ഭീകരാക്രമണം അഴിച്ചുവിട്ടവരെ ഭരണാധികാരികളെന്ന് വിളിക്കാനാവില്ലെന്നുമാണ് നയതന്ത്ര പ്രതിനിധികളുടെ അഭിപ്രായം.
കരിമ്പട്ടികയിലുള്ള ഭീകരരെ ആരും അംഗീകരിക്കില്ലെന്നും രാജ്യത്തെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്നും അവർ പറയുന്നു. ഇതിനിടെ ബാംഗ്ലൂരിൽ അഫ്ഗാൻ വിദ്യാർത്ഥികൾ താലിബാനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. താലിബാൻ ഭീകരർക്ക് സഹായം നൽകുന്ന പാകിസ്താനെതിരെ മുദ്രാവാക്യം വിളികളോടെ നടത്തിയ പ്രതിഷേധങ്ങൾ അന്താരാഷ്‌ട്ര ശ്രദ്ധ നേടുകയാണ്.
താലിബാൻ ഭീകരർ ഇന്നലെ അഫ്ഗാനിസ്ഥാനിൽ ഭരണകൂടത്തെ പ്രഖ്യാപിച്ചതിനെതിരെ ലോകവ്യാപകമായ പ്രതിഷേധം ശ്രദ്ധനേടുകയാണ്. ഇന്ത്യയിൽ നിലവിൽ പ്രവർത്തനം നിർത്താത്ത മുൻ സർക്കാറിന്റെ ഭാഗമായിരുന്ന എംബസ്സി ഉദ്യോഗസ്ഥരാണ് പുതിയ ഭരണകൂടത്തെ തള്ളിപ്പറഞ്ഞിരിക്കുന്നത്.
താലിബാനെതിരെ അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്.അഫ്ഗാനിസ്താന്റെ ദേശീയ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും എതിരായി മാത്രമല്ല, ലോകത്തിന്റെ തന്നെ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഭീകരരാണ് മന്ത്രി സഭയിലുള്ളത് . ഇത് ലോകത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അഫ്ഗാൻ എംബസി ചൂണ്ടിക്കാണിക്കുന്നു.
ഓഗസ്റ്റ് 15 മുതലാണ് താലിബാൻ ഭീകരർ അഫ്ഗാനിസ്താൻ പിടിച്ചെടുക്കാൻ തുടങ്ങിയത്. അന്ന് മുതൽ ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസി കനത്ത സുരക്ഷയിലാണ്. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്താൻ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇവർ.
ഇതിനിടെ ബാംഗ്ലൂരിൽ അഫ്ഗാൻ വിദ്യാർത്ഥികൾ പാകിസ്താനെതിരെ നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധനേടുകയാണ്.അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിനെതിരെയും പഞ്ച്ശീറിലെ പാകിസ്താന്റെ ആക്രമണങ്ങൾക്കെതിരെയും വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി.
തങ്ങളുടെ നാട്ടിലെ സ്വസ്ഥത തകർത്ത് ഭീകരരുടെ ഭരണത്തിന് പിന്തുണ നൽകുന്ന പാകിസ്താന്റെ നയങ്ങളെ പ്രതിഷേധക്കാർ അപലപിച്ചു. സ്വന്തം നാട്ടിലെ ഭീകരത അയൽരാജ്യങ്ങളിലേക്കും വളർത്തുന്ന പാകിസ്താന്റെ നടപടികൾക്കെതിരെ അന്താരാഷ്‌ട്ര സമൂഹം പ്രതികരിക്കണമെന്നാണ് ഇവരുടെ ആവശ്യം. താലിബാനെ പിന്തുണയ്‌ക്കുന്ന പാകിസ്താനെതിരെ ഐക്യരാഷ്‌ട്രസഭ നടപടിയെടുക്കണമെന്നും പ്രകടനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ബാംഗ്ലൂർ ടൗൺഹാളിൽ നിന്ന് മൈസൂർ ബാങ്ക് സർക്കിളിലേക്കാണ് പ്രതിഷേധ റാലി നടത്തിയത്. ഇന്ത്യയിലെ വിദേശ എംബസികൾക്ക് മുന്നിലും അഫ്ഗാൻ പൗരൻമാർ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഡൽഹിയിലെ ഓസ്ട്രേലിയൻ, യുഎസ്, കാനഡ എംബസികൾക്ക് പുറത്ത് അഫ്ഗാൻ പൗരൻമാർ കൂട്ടം കൂട്ടമായി എത്തുന്നുണ്ട്. അഭയാർത്ഥി വിസ ആവശ്യപ്പെട്ടാണ് ഈ ഒത്തുകൂടൽ.
ഐക്യരാഷ്‌ട്രസഭ ഇതുവരെ അഫ്ഗാൻ അഭയാർത്ഥികളുടെ കാര്യത്തിൽ മൗനം പാലിക്കുന്നതിനേയും വിദ്യാർത്ഥികളും അഫ്്ഗാൻ കുടുംബങ്ങളും അപലപിച്ചു. അഫ്ഗാനിലെ സ്ഥിതി അങ്ങേയറ്റം അസ്ഥിരമാണെന്നാണ് യുഎൻ അധികൃതരും വിലയിരുത്തുന്നത്. അഫ്ഗാനിസ്താന് ലോകരാജ്യങ്ങളുടെ മാനുഷിക പിന്തുണ വേണമെന്നാണ് യുഎൻ ആവശ്യപ്പെടുന്നത്.
















Comments