കോഴിക്കോട്: വീണ്ടും നിപ ഭീതിയിലാണ് കേരളം. ചാത്തമംഗലത്ത് 12 വയസുകാരൻ വൈറസ് ബാധിച്ച് മരിച്ചതോടെ ഉറവിടം തേടിയുള്ള അന്വേഷണം ഊർജിതമാക്കി. ഇത്തവണ വവ്വാലുകളും കാട്ടുപന്നികളും ഉൾപ്പെടെ നിരവധി മൃഗങ്ങൾ സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തിൽ ആദ്യ നിപ വൈറസ് വ്യാപനവും ഉറവിടവും സംസ്ഥാനത്ത് ചർച്ചയാകുകയാണ്.
കേരളത്തിൽ ആദ്യമായി നിപ സ്ഥിരീക്കുന്നതിന് കാരണമായത് പഴംതീനി വവ്വാലുകളെന്നാണ് ഐസിഎംആറിന്റെ പഠന റിപ്പോർട്ട്. കോഴിക്കോട് പേരാമ്പ്രയിൽ 2018ലാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. റ്റെറോപ്പസ് വിഭാഗത്തിൽപ്പെടുന്ന പഴംതീനി വവ്വാലുകളിൽ നിന്നാണ് അന്ന് വൈറസ് ബാധയുണ്ടായതെന്ന് പഠനത്തിൽ കണ്ടെത്തി. പഠന വിധേയമാക്കിയ വവ്വാലുകളിൽ കണ്ടെത്തിയ നിപ വൈറസിന്റെ ജനിതക ഘടന, രോഗബാധിതരായ ആളുകളിൽ കണ്ടെത്തിയ വൈറസിന്റെതുമായി 99.7 ശതമാനം മുതൽ 100% വരെ സാമ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്. പേരാമ്പ്ര ചങ്ങോരത്ത് നിന്നാണ് നിപ വൈറസുള്ള വവ്വാലുകളെ കണ്ടെത്തിയതും പഠനവിധേയമാക്കിയതും.
ഒടുവിൽ റിപ്പോർട്ട് ചെയ്ത നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഇന്ന് പൂനെ എൻഐവിയിൽ നിന്നുള്ള സംഘം കോഴിക്കോടെത്തി പരിശോധന നടത്തും. വീണ്ടും നിപ മരണം സംസ്ഥാനത്ത് സംഭവിച്ചിട്ട് നാളുകൾ പിന്നിട്ടിട്ടും ഉറവിടം തിരിച്ചറിയാൻ കഴിയാത്തതിൽ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു.
















Comments