മലപ്പുറം: ഹരിതയ്‌ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിനും നേതാക്കൾ കത്തയച്ചു. സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരാണ് കത്ത് അയച്ചിരിക്കുന്നത്. നടപടിയുമായി മുന്നോട്ട് പോകരുതെന്നും, പിഎംഎ സലാമാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്നും വിമർശനമുണ്ട്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ ഹരിത ഉയർത്തിയ ആരോപണങ്ങളെ തുടർന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ തീരുമാനം അത്യധികം ഖേദകരമാണെന്ന് കത്തിൽ പറയുന്നു. വിഷയം പാർട്ടിക്കും എം.എസ്.എഫിനും പൊതുസമൂഹത്തിൽ വലിയ അവമതിപ്പ് ഉണ്ടാക്കി. മുസ്‌ലിം ലീഗ് പാർട്ടി സ്ത്രീ വിരുദ്ധമാണെന്ന തരത്തിലുള്ള പൊതു ബോധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ വിഷയത്തിൽ ആരോപണ വിധേയർ തെറ്റുകാരാണെന്ന് കണ്ടെത്തിയിട്ടും അർഹമായ അച്ചടക്ക നടപടി അവർക്കെതിരെ ഉണ്ടാകാത്തത് പാർട്ടിയ്‌ക്ക് ദൂരവ്യാപകമായ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണ്.
ഇവിടെ തെറ്റുകാരാണെന്ന് കണ്ടെത്തിയവരോട് നിർവ്യാജം ഖേദം പ്രകടിപ്പിക്കുവാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയർ തങ്ങളുടെ ഖേദപ്രകടനത്തിൽ പോലും തെറ്റ് പറ്റിയില്ല എന്ന് ആവർത്തിച്ച്, പരാതിക്കാർ തെറ്റിദ്ധാരണ പരത്തി എന്ന് പറഞ്ഞ് ആക്ഷേപിക്കുവാനാണ് ശ്രമിച്ചത്. യാതൊരു ഭരണ ഘടനാ പിൻബലവുമില്ലാതെ ഹരിതയെ പിരിച്ചു വിട്ട നടപടി നീതികരിക്കാനാവില്ല. നിലവിൽ പാർട്ടി എടുത്ത തീരുമാനം പുന:പരിശോധിച്ച് പൊതു സമൂഹത്തിനു മുന്നിൽ പാർട്ടിയുടെ മുഖം രക്ഷിക്കണമെന്നും ഇവർ കത്തിൽ ആവശ്യപ്പെടുന്നു.
















Comments