ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി പീറ്റർ ഡൂട്ടണുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്. മലബാർ നാവിക അഭ്യാസവും പ്രതിരോധ മേഖലയിലെ കൂടുതൽ സഹകരണവും സുരക്ഷാ കാര്യങ്ങളും ഉൾപ്പെടെ ചർച്ചയായെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.
സൈനികസഹകരണം കൂടുതൽ വിപുലപ്പെടുത്തുന്നതും വിവര കൈമാറ്റവും പ്രതിരോധ സാങ്കേതിക വിദ്യകളിലെ സഹകരണവും ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ മേഖലയിലെ നേരിട്ടുളള വിദേശനിക്ഷേപ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഓസ്‌ട്രേലിയൻ പ്രതിരോധ കമ്പനികളോട് രാജ്‌നാഥ് സിംഗ് അഭ്യർത്ഥിച്ചു.
മേഖലയുടെ മുഴുവൻ വളർച്ചയ്‌ക്കും സുരക്ഷിതത്വത്തിനുമായി ഓസ്‌ട്രേലിയയുമായി ദൃഢമായ ബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുളള പ്രതിരോധ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലെത്തിക്കാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ മന്ത്രി പീറ്റർ ഡൂട്ടണും ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി മാരിസ് പെയിനും ഇന്ന് രാവിലെയാണ് ഇന്ത്യയിലെത്തിയത്. ക്വാഡ് സഖ്യരൂപീകരണത്തിന് ശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇന്ത്യയിൽ നടക്കുന്ന ദ്വിതല മന്ത്രിമാരുടെ ചർച്ചകളാണിത്.
രാജ്നാഥ് സിംഗിനെക്കൂടാതെ വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയേയും ഓസ്‌ട്രേലിയൻസംഘം സന്ദർശിക്കും. ഇന്ത്യക്ക് പുറമേ അമേരിക്ക, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലും ഓസ്ട്രേലിയൻ സംഘം സന്ദർശനം നടത്തുന്നുണ്ട്.
Comments